News

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണികൃഷ്ണന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പൊലീസ് പരിശോധിക്കുന്നു

By Manya

January 26, 2026

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ ഇടപെടലുകള്‍, പ്രത്യേകിച്ച് അദ്ദേഹം അംഗമായിട്ടുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന് ആണ്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന കണ്ടെത്തലിലാണ് പൊലീസ്. വിവാഹ ശേഷം ഉണ്ണികൃഷ്ണന്‍ ഗ്രീമയുടെ വീട്ടില്‍ പോയത് ഒരു ദിവസം മാത്രമാണെന്നും, ദാമ്പത്യമെന്ന നിലയില്‍ ഇരുവരും ഒരുമിച്ച് കഴിഞ്ഞത് വെറും 25 ദിവസമാണെന്നും പൊലീസ് വ്യക്തമാക്കി.

ഗ്രീമ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ കുറിപ്പില്‍ പറയുന്ന അവഗണന, ഭര്‍ത്താവിന്റെ ഈ സ്വഭാവരീതിയുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഭര്‍ത്താവ് ഒപ്പം താമസിക്കുമെന്ന വിശ്വാസത്തോടെ ഗ്രീമ അഞ്ച് വര്‍ഷത്തോളം കടുത്ത മാനസിക അവഗണന സഹിച്ചിരുന്നുവെന്നും, ഇത്രയും ദുരിതങ്ങള്‍ നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ഗ്രീമ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഗ്രീമയും മാതാവും ജീവനൊടുക്കാന്‍ കാരണമായത് ഉണ്ണികൃഷ്ണന്‍ ഭാര്യയെ നിരന്തരം പരസ്യമായി അപമാനിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പും ഭര്‍ത്താവ് ഗ്രീമയെ പൊതുസമൂഹത്തില്‍ അപമാനിച്ചുവെന്നാണ് അറസ്റ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കൂടാതെ, ഗ്രീമ നിരന്തരം ഭര്‍ത്താവിനെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഉണ്ണികൃഷ്ണന്‍ അതിന് സമ്മതിച്ചിരുന്നില്ലെന്നും രേഖകളില്‍ പറയുന്നു.ഈ സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണന്‍ സജീവമായിരുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.