തിരുവനന്തപുരം: സ്വന്തം വേര്‍പാടിലും അഞ്ച് ജീവനുകള്‍ക്ക് വെളിച്ചമേകി പത്തു മാസം പ്രായമുള്ള ആലിന് ഷെറിന് എബ്രഹാം വിടപറയുന്നു. റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ഈ കുരുന്ന്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ ചങ്ങനാശ്ശേരി പള്ളം ബോര്‍മ കവലയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതര പരിക്കേറ്റത്. ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിശ്രമങ്ങളെ തോല്‍പ്പിച്ച് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
തങ്ങളുടെ കുഞ്ഞ് ഇനി മടങ്ങിവരില്ലെന്ന വേദനയിലും മറ്റുള്ളവരിലൂടെ അവള് ജീവിക്കട്ടെ എന്ന മാതാപിതാക്കളുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും കണ്ണുകള്‍ നേത്ര ബാങ്കിന് കൈമാറും.