കൊച്ചി: മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യ (16)യെ സമീപത്തെ പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യ.
രാവിലെ 7.45ഓടെ ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ പിന്നീട് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്സും കരയില്‍ വച്ച നിലയിലായിരുന്നു. ഇവ പരിശോധിക്കുമ്പോഴാണ് നാല് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ വംശജനായ സുഹൃത്ത് ഈ മാസം 19ന് അപകടത്തില്‍ മരിച്ചുവെന്നും ആ വിഷമം സഹിക്കാനാകാത്തതിനാലാണ് ജീവന്‍ വെടിയുന്നതെന്നും എഴുതിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതല്‍ പൊലീസ് അന്വേഷണം. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തി. അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളിലെ കൊറിയന്‍ സംഗീതവും സിനിമയും സംബന്ധിച്ച ഉള്ളടക്കങ്ങളില്‍ ആദിത്യ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതായും വിവരമുണ്ട്.
ഇതിനിടെ ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ആദിത്യ ഫോളോ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ളടക്കങ്ങളുള്ള ഈ അക്കൗണ്ടിന് നിരവധി ഫോളോവേഴ്‌സുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ നിരവധി പേര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണത്തില്‍ അലംഭാവമുണ്ടെന്ന മാതാപിതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.