ന്യൂഡല്‍ഹി: കോളേജ് ക്യാമ്പസുകളില്‍ തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനും തീറ്റ നല്‍കുന്നതിനും മൃഗക്ഷേമ സംഘടനകള്‍ക്കും വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ക്കും കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി സുപ്രീം കോടതി. നായകള്‍ ആരെയെങ്കിലും കടിച്ചാല്‍ അതിന്റെ പൂര്‍ണ്ണമായ നിയമപരമായ ബാധ്യത ഈ സംഘടനകള്‍ ഏറ്റെടുക്കേണ്ടി വരും എന്ന് കോടതി വ്യക്തമാക്കി. മനുഷ്യന്റെ സുരക്ഷയെ അവഗണിച്ചുകൊണ്ട് മൃഗസംരക്ഷണം ആകരുതെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ക്യാമ്പസിനുള്ളില്‍ നായ്ക്കളെ പരിപാലിക്കുന്ന സംഘടനകള്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കോളേജ് മേധാവിക്ക് സത്യവാങ്മൂലം നല്‍കണമെന്നും അല്ലാത്തപക്ഷം ക്യാമ്പസിനുള്ളില്‍ നായ്ക്കളെ വളര്‍ത്താനോ തീറ്റ നല്‍കാനോ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഈ നിര്‍ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെനന്ും കോടതി കൂട്ടിച്ചേര്‍ത്തു.
പേവിഷബാധയേറ്റതോ, രോഗബാധിതരായതോ, മനുഷ്യര്‍ക്ക് കടുത്ത ഭീഷണിയാകുന്ന രീതിയില്‍ അക്രമകാരികളായതോ ആയ തെരുവ് നായ്ക്കളെ നിയമപരമായ ചട്ടങ്ങള്‍ പാലിച്ച് ദയാവധത്തിന് വിധേയമാക്കാന്‍ അധികാരികള്‍ക്ക് കോടതി അനുമതി നല്‍കി.
ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.