തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെയും സ്‌കൂള്‍ അധികൃതരുടേയും മൊഴി പോലീസ് രേഖപ്പെടുത്തി. എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ ഗ്ലോബല്‍ സ്‌കൂള്‍ നിഷേധിച്ചു. വിഷയത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുമായി പോലീസ് സംസാരിക്കും.
സ്‌കൂളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണിലുള്ള സ്‌ക്രീന്‍ഷോട്ടുകളും ചാറ്റുകളും അന്വേഷണ സംഘം ശേഖരിച്ചു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് തുടര്‍ നടപടികള്‍ ഉണ്ടാവുക. ജനുവരി 15ന് ഫ്‌ലാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി മിഹിര്‍ അഹമ്മദ് ജീവനൊടുക്കുകയായിരുന്നു. മകന്‍ സ്‌കൂളില്‍ ക്രൂരമായ റാഗിങിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് അമ്മ പരാതി നല്‍കിയിരുന്നു. ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചിരുന്നുവെന്നും സഹപാഠികളില്‍ നിന്ന് കുട്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിയില്‍ പറയുന്നു.
ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ലഷ് ചെയ്തുവെന്നും ടോയ്‌ലെറ്റ് നക്കിച്ചുവെന്നു പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിഹിര്‍ ജീവനൊടുക്കിയ ദിവസവും ക്രൂര പീഡനത്തിരയായിരുന്നു. സഹപാഠികളില്‍ നിന്നാണ് പരാതിയിലെ വിവരങ്ങള്‍ ശേഖരിച്ചത്.
തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍- രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ലാറ്റില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. മുകളില്‍ നിന്ന് വീണ മിഹിര്‍ മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിലാണ് പതിച്ചത്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഹിര്‍. സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായായിരുന്നു.