kerala

ഹൈദരാബാദില്‍ എട്ടംഗ സംഘം 15 വയസ്സുള്ള അനാഥ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി

By webdesk11

August 23, 2023

ഹൈദരാബാദ്; വീട്ടില്‍ അതിക്രമിച്ചു കടന്ന എട്ടംഗ സംഘം 15 വയസ്സുള്ള അനാഥ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഹൈദരബാദിലെ മീര്‍പെട്ടിലാണ് കത്തികാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനക്കൂട്ടം ദേശീയ പാത ഉപരോധിച്ചു.

കുട്ടിയുടെ മാതാപിതാക്കള്‍ അടുത്തിടെയാണ് അപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തി എത്താത്ത സഹോദരനൊപ്പം മീര്‍പ്പെട്ടിലെ അമ്മാവന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ആയുധങ്ങളുമായെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പെണ്‍കുട്ടിയേയും സഹോദരനേയും കൂടാതെ മറ്റു മൂന്ന് കുട്ടികള്‍ കൂടി ഈ സമയം വീട്ടിലുണ്ടായിരുന്നു. മുതിര്‍ന്നവര്‍ ആരും ഉണ്ടായിരുന്നില്ല. അഞ്ചംഗ സംഘം മറ്റു കുട്ടികളെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷം മൂന്നുപേര്‍ പെണ്‍കുട്ടിയെ വീടിന്റെ മുകള്‍ നിലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പെ ണ്‍കുട്ടി നിലവിളിക്കാന്‍ തുടങ്ങുകയും അക്രമി സംഘത്തെ വെട്ടിച്ച് കടന്ന സഹോദരന്‍ അയല്‍ക്കാരെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് അക്രമികള്‍ സംഭവ സ്ഥലത്തുനിന്നും കടന്നു കളഞ്ഞത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവരം പുറത്തുവന്നതോടെ നാട് ഒന്നടങ്കം ഒഴുകിയെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേയര്‍ പാരിജാത റെഡ്ഡിയുടെ നേതൃത്വത്തില്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ പാത ഉപരോധിച്ചു.