ന്യൂയോര്‍ക്ക്: യുഎസില്‍ 23കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ കര്‍മേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലഗഡയാണ് മരിച്ചത്.
ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി – കോര്‍പ്പസ് ക്രിസ്റ്റിയില്‍ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജ്യലക്ഷ്മി, ജോലി അന്വേഷിക്കുന്നതിനായി യുഎസില്‍ തുടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നവംബര്‍ 7നാണ് മരണം സംഭവിച്ചത്.
രണ്ട് ദിവസമായി ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നുവെന്നാണ് ബന്ധുവായ ചൈതന്യയുടെ മൊഴി. വെള്ളിയാഴ്ച രാവിലെ അലാം മുഴങ്ങിയിട്ടും രാജ്യം ഉണര്‍ന്നില്ല. മുറിയില്‍ ചെന്നപ്പോഴാണ് അവളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയാണ് മരണമുണ്ടായതെന്ന് പ്രാഥമിക നിഗമനം.
രാജ്യലക്ഷ്മിയുടെ അകാലമരണത്തില്‍ കുടുംബവും സുഹൃത്തുക്കളും തളര്‍ന്നിരിക്കുകയാണ്. മരണകാരണം വ്യക്തമാക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന ആരംഭിച്ചിട്ടുണ്ട്.
അതേസമയം, രാജ്യലക്ഷ്മിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ടെക്‌സസിലെ ഡെന്റണില്‍ ഗോ ഫണ്ട് മി വഴിയുള്ള ധനസമാഹരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരായ മാതാപിതാക്കളുടെ ഇളയ മകളായ രാജ്യം, കുടുംബത്തിനും തനിക്കും മികച്ച ഭാവി സൃഷ്ടിക്കാനായിരുന്നു അമേരിക്കയിലേക്കുള്ള യാത്രയെന്ന് ചൈതന്യ വ്യക്തമാക്കി.