india

ഡൽഹിയിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു

By webdesk14

October 12, 2024

ഡൽഹിയിലെ സരായ് കാലേ ഖാനിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് റോഡിൽ തള്ളി. 34 വയസുകാരിയായ ഒഡീഷ സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.  റോ‍ഡരികിൽ കിടക്കുകയായിരുന്ന യുവതിയെ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥൻ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്തം വാർന്ന് അവശനിലയിലായ യുവതിയെ ഇദ്ദേഹവും പൊലീസും ചേർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മറ്റൊരുസ്ഥലത്ത് വെച്ച് യുവതിയെ പീഡിപ്പിച്ചശേഷം സരായി കലായി കാനിൽ പ്രതികൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ശക്തമായ നടപടിയുണ്ടാകുമെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി ദില്ലിയിലാണ് യുവതി താമസിക്കുന്നത്.

ഒഡീഷയിൽ നിന്നുള്ള ബിരുദധാരിയായ യുവതി ഒരു വർഷം മുൻപാണ് ഡൽഹിയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി. നഴ്‌സിങ് കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. വീടുവിട്ടിറങ്ങിയ യുവതി ഡൽഹിയിലാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന്, ബന്ധുക്കൾ പരാതി നൽകിയിരുന്നു. രണ്ടുമാസം മുമ്പ് ഡൽഹിയിലെത്തിയ ബന്ധുക്കൾ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ യുവതിയെ പ്രേരിപ്പിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി.