kerala

ചികിത്സാ പിഴവ്; അട്ടപ്പാടിയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് കൊടുത്തത് 72 കാരനുള്ള മരുന്ന്

By webdesk18

June 05, 2025

അട്ടപ്പാടിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്‍കി എന്നാണ് പരാതി. നെല്ലിപ്പതി സ്വദേശി സ്‌നേഹ-അരുണ്‍ ദമ്പതികളുടെ ഒരു വയസുകാരനാണ് ചികിത്സ മാറിയത്

പനിയെ തുടര്‍ന്നാണ് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ മരുന്ന് കുഞ്ഞിന് നല്‍കിയിരുന്നു. എന്നാല്‍ മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.

ശേഷം ഡിസ്ചാര്‍ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്‍കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം.സംഭവത്തില്‍ ആരോപിതരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.