crime

കടത്തിണ്ണയില്‍ ഉറങ്ങിയ അംഗപരിമിതയായ 75കാരി നേരിട്ടത് ക്രൂരപീഡനം; പ്രതി പിടിയില്‍

By webdesk14

October 23, 2023

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്കാണ് ദുരനുഭവം ഏല്‍ക്കേണ്ടി വന്നത്.

വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു  സംഭവം. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച, മുപ്പതു വയസ്സ് തോന്നിക്കുന്നയാള്‍ വയോധികയ്ക്കു സമീപമെത്തി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉറക്കം വിട്ടുണര്‍ന്ന വയോധിക എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്ത്തി. ക്രൂരമായ മര്‍ദനമേറ്റ് അവശയായ ഇവരെ യുവാവ് എടുത്തുകൊണ്ടുപോയി. പിന്നീട് അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജങ്ഷനു സമീപം വിജനമായ സ്ഥലത്ത് അര്‍ധനഗ്‌നയായനിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് കണ്ടത്.

തനിക്ക് ഉണ്ടായത് ദുരനുഭവം ആണെന്നും പ്രതിയെ വേഗത്തില്‍ പിടികൂടണമെന്നും വയോധിക പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി റിഷീദിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വര്‍ഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിക്കുന്ന വയോധികയ്ക്ക് നേരെയാണ് ക്രൂര പീഡനം ഉണ്ടായത്.