kerala

കാസര്‍കോട് പാലക്കുന്നില്‍ മാനവസൗഹാര്‍ദ്ദത്തിന്റെ മനോഹര കാഴ്ച്ച

By webdesk17

September 08, 2025

ഉദുമ: പ്രവാചക സ്തുതി പാടിയും പറഞ്ഞും നബിദിനഘോഷ കടന്നുപോകുമ്പോള്‍ ഘോഷയാത്രയില്‍ അണി നിരന്ന സ്‌കൗട്ടുകള്‍ ക്ഷേത്രത്തിന് സല്യൂട്ട് അടിച്ച മനോഹര കാഴ്ച നാടിന്റെ മാനവ സൗഹാര്‍ദ്ധത്തിന്റെ നേര്‍ ചിത്രമായി. കാസര്‍കോട് ഉദുമ കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസയുടെ നബിദിന റാലിക്കിടെ അതില്‍ അണി നിരന്നവരാണ് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തെ സല്യുട്ട് ചെയ്ത് ആദരിച്ചത്. അത്യന്തം മനം നിറയ്ക്കുന്ന കുളിര്‍പ്പിക്കുന്നസന്തോഷകരമായ കാഴ്ച്ച സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറി. പാലക്കുന്ന് ആറാട്ട് കടവ് സ്വദേശി അന്‍ഷിത്ത് അശോക് ആണ് ഈ വീഡിയോ പകര്‍ത്തിയത്. പാലക്കുന്ന് ക്ഷേത്രത്തിന് മുന്‍വശത്തെ അച്ഛന്‍ അശോക ന്റെ ഫാന്‍സി കടയില്‍ ശനിയാഴ്ച രാവിലെ 11.30ന് അന്‍ഷിത്ത് ഇരിക്കുമ്പോഴാണ് നബിദിന റാലി ഇതുവഴി വന്നത്. ക്ഷേത്രത്തിന് അടുത്ത് എത്തിയപ്പോള്‍ റാലിയിലെ സ്‌കൗട്ടുകള്‍ ക്ഷേത്രത്തിന് നേരെ നിന്ന് സല്യൂട്ട് അടിക്കുന്ന രംഗം കണ്ടത്. കൗതുകം തോന്നിയ അന്‍ഷിത്ത് ഉടന്‍ ക്യാമറ ഓണ്‍ ചെയ്ത് ആ മനോഹരമായ കാഴ്ച ചിത്രീകരിച്ചു.വൈകുന്നേരം അഞ്ച് മണിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും ഈ വീഡിയോ പറന്നെത്തി. ഇന്‍സ്റ്റാഗ്രാമില്‍ ഞായറാഴ്ച രാത്രി വരെ 20 ലക്ഷം പേര്‍ വീഡിയോ കണ്ടു. അഞ്ച് ലക്ഷത്തി 104 പേര്‍ കമന്റ് രേഖപ്പെടുത്തി. 55, 300 പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. ഈ വീഡിയോ ഇത്രയും വൈറലായി തീരുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല എന്ന് അന്‍ഷിത്ത് പറഞ്ഞു.വീഡിയോ ഗ്രാഫിയില്‍ കമ്പമുള്ള അന്‍ഷിത് ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു കഴിഞ്ഞ് മുബൈയില്‍ ആറ് മാസത്തെ കപ്പല്‍ ജിപി റൈറ്റിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി. 2023ല്‍ പാലക്കുന്ന് ഭരണ ഉത്സവ ആയിരത്തിരി നാളില്‍ ജനത്തിരക്കിനിടയില്‍ വന്ന ഒരു ആംബുലന്‍സിനെ ഫയര്‍ഫോഴ്‌സ് ടീം കടത്തിവിടുന്ന വീഡിയോയും വൈറലായിരുന്നു. 28, 000 പേരാണ് ആ വീഡിയോ കണ്ടത്.