റാഞ്ചി : ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനം തന്നെ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ ചെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയായ ഷൈലേഷ് കുമാറാണ് 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യുടെ പിടിയിലായത്.
ജനുവരി 13ന് ചെയിന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഓഫീസര്‍ ഇന്‍-ചാര്‍ജായി ചുമതലയേറ്റ ഷൈലേഷ് കുമാര്‍, അതേ ദിവസം തന്നെ ഒരു പരാതിക്കാരനില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുപണിക്കായി സ്വന്തം ഭൂമിയില്‍ ഇഷ്ടിക നിര്‍മാണത്തിന് അനുമതി തേടി ബെന്‍ഡോറ ഗ്രാമവാസിയായ ജയ്പാല്‍ നായക് സ്റ്റേഷനിലെത്തിയിരുന്നു. പിന്നാലെ നായക്കിന്റെ വീട്ടിലെത്തിയ എസ്എച്ച്ഒ, അനുമതി താന്‍ നല്‍കിയതാണെന്നും 20,000 മുതല്‍ 30,000 രൂപ വരെ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു.
പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയും ഇയാള്‍ ഉയര്‍ത്തിയതായി പറയുന്നു. ഇതോടെ ജയ്പാല്‍ നായക് അഴിമതി വിരുദ്ധ ബ്യൂറോയുമായി ബന്ധപ്പെട്ടു. എസിബിയുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച (ജനുവരി 14) ജയ്പാല്‍ സ്റ്റേഷനിലെത്തി കൈക്കൂലി തുക ഷൈലേഷ് കുമാറിന് കൈമാറി. ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന എസിബി സംഘം കൈക്കൂലി സഹിതം ഷൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും, ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും എസിബി അറിയിച്ചു.