kerala

പത്ത് വയസുകാരനെ മറയാക്കി എം.ഡി.എം.എ കച്ചവടം; പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തു

By webdesk18

March 09, 2025

തിരുവല്ല: പത്ത് വയസുകാരനായ മകനെ മറയാക്കി എം.ഡി.എം.എ കച്ചവടം നടത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ തിരുവല്ല സ്വദേശിക്കെതിരെ ബാലനീതി നിയമപ്രകാരവും കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി. കുട്ടിയെ പിതാവ് ലഹരി വില്പനയ്ക്ക് ഉപയോഗിച്ചതായി മാതാവ് മൊഴി നല്‍കി.

അതേസമയം, പ്രതിയുടെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ രണ്ട് ദിവസം വൈകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുശേഖരണത്തിന് വേണ്ടി കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് നടപടി.

വിദ്യാര്‍ഥികള്‍ക്ക് അരികിലേക്ക് മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് എത്തിച്ച് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി.എറണാകുളത്തുനിന്ന് എത്തിക്കുന്ന എം.ഡി.എം.എ രണ്ടോ മൂന്നോ ഗ്രാം അടങ്ങുന്ന പാക്കറ്റിലാക്കി തിരുവല്ലയിലും പരിസരങ്ങളിലുമുള്ള സ്‌കൂള്‍, കോളജ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് ഡിവൈഎസ്.പി എസ്. അര്‍ഷാദ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി പ്രതി ജില്ല ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു.

പ്രതി നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച തിരുവല്ല കോടതിയില്‍ സമര്‍പ്പിക്കും. കുട്ടിയുമായാണ് ഇയാള്‍ കാറിലോ ബൈക്കിലോ വില്‍പ്പനയ്ക്കുപോയിരുന്നത്. പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ മറയാക്കിയിരുന്നതെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു.