kerala

സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

By webdesk18

November 22, 2025

കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്‍ത്തകന്‍ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

കൊച്ചി സിറ്റി എ.ആര്‍ ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്‍കാതിരുന്നാല്‍ ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.

ഇതിനിടെ പ്രശ്‌നം തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്‍ വിഷയം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്‍ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്‍ വച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.