kerala

രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞുകൊന്ന കേസ്; അമ്മ ശ്രീതു അറസ്റ്റില്‍

By webdesk18

September 27, 2025

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ പിടികൂടിയത്. കേസില്‍ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേര്‍ത്തു.

കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്നുമാണ് കണ്ടെത്തല്‍. ശ്രീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കേസില്‍ നേരത്തെ കുട്ടിയുടെ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കല്ലെന്ന സംശയം പൊലീസിന് നിലനിന്നിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പല തവണ മൊഴി മാറ്റിയതോടെ ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പിന്നീട് ഹരികുമാര്‍, കൊല ശ്രീതുവാണ് നടത്തിയതെന്നും തന്നെ പ്രതിയാക്കാനുള്ള ശ്രമമാണെന്നും മൊഴി നല്‍കി.

സഹോദരന്റെ ആരോപണം ശ്രീതു നിഷേധിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് ശ്രീതുവിനെതിരെ സംശയവുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതിയാക്കിയിരുന്നില്ലെങ്കിലും, പിന്നീട് പൊലീസ് കുറ്റപത്രത്തില്‍ ശ്രീതുവിനെയും ഉള്‍പ്പെടുത്തി.

ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.