kerala

കാട്ടാക്കടയില്‍ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

By webdesk17

May 06, 2025

തിരുവനന്തപുരം കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് കണ്ടതോടെ കുട്ടി പ്രതിയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

അപകട മരണമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. കോടതിവിധിയില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.

2023 ആഗസ്റ്റ് 30നായിരുന്നു വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകന്‍ ആദിശേഖറിനെ പ്രതി പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. അതേസമയം പ്രതി ആദിശേഖറിന്റെ അകന്ന ബന്ധുവാണ്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.