ഷീല ടോമി
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മഞ്ഞുപൊഴിയുന്ന രാത്രി. മറിയം ഏറെത്ത ഉര്‍ന്നിരുന്നു. അതിശൈത്യത്തില്‍ അവളുടെ കാലുകള്‍ വിണ്ടുപൊട്ടിയിരുന്നു. രാജകല്‍പനയാണ്. എത്രയും വേഗം ജറുസലേമിലെത്തണം. പേരെഴുതിക്കണം. പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താവരുതല്ലോ. അവളെ വഹിച്ച് ഏന്തി നടന്ന കഴുതയും തളര്‍ന്നിരുന്നു. താങ്ങിപ്പിടിച്ചാണ് ജോസഫ് നിറഗര്‍ഭിണിയെ നഗരകവാടത്തിലേക്ക് ആനയിച്ചത്. ആ നിമിഷം, സത്രത്തില്‍ അവര്‍ക്ക് ഇടം കിട്ടാത്ത ആ രാത്രി, ബെത്‌ലഹേമിന്റെ ചരിത്രം മാറ്റിയെഴുതപ്പെടാന്‍ പോവുകയാണെന്ന് അവരറിഞ്ഞില്ല.
സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി. പകല്‍ മുഴുവന്‍ ആട്ടിന്‍പറ്റങ്ങളെ മേച്ചുനടന്ന് നഗരത്തിന്റെ വെളിമ്പ്രദേശങ്ങളില്‍ തീക്കുണ്ഡത്തിനു ചുറ്റും വീണുറങ്ങിയവര്‍ ഒരു അഭൗമ സംഗീതം കേട്ട് പിടഞ്ഞുണര്‍ന്നു. ആ രാത്രിക്ക് വല്ലാത്തൊരു ആകര്‍ഷണീയതയുണ്ടെന്ന് അവര്‍ക്ക് തോന്നി. അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടവരുടെ, അടിമകളുടെ, ഭാഗധേയം മാറ്റിയെഴുതിയ വിസ്മയ താരകം പ്രകാശവര്‍ഷങ്ങള്‍ക്കകലെ പുഞ്ചിരിച്ചുനില്‍ക്കുന്നു! രോമക്കുപ്പയങ്ങള്‍ വാരിച്ചുറ്റി അവര്‍ തിടുക്കത്തില്‍ നക്ഷത്രത്തിന്റെ ദിശനോക്കി നടന്നു. കാലിത്തൊഴുത്ത് അവരെ കാത്തുകിടന്നു.
തോല്‍ക്കുടങ്ങളില്‍ ഇത്തിരി ആട്ടിന്‍ പാലും അവര്‍ കരുതിയിരുന്നു. പുല്‍ക്കിടക്കയില്‍ കിടന്ന് ഉണ്ണി ഉറക്കത്തില്‍ പുഞ്ചിരിച്ചു. ‘നിങ്ങളെ തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്’ എന്നൊരു നിശബ്ദ സന്ദേശം ഇ ടയന്മാരുടെ ഹൃദയഭിത്തികളില്‍ പ്രതിധ്വനിച്ചു. നൂറ്റാണ്ടുകളായി പേറിനടന്ന അടി മത്തത്തിന്റെ നുകങ്ങള്‍ അഴിഞ്ഞു വിഴുന്ന കിലുക്കം അവര്‍ കേട്ടു.
സമാധാനം തേടിയുള്ള മനുഷ്യന്‍ യാത്ര ഇന്നും തുടരുകയാണ്. എങ്ങാണ് നാഥന്‍ വാഗ്ദാനം ചെയ്ത സമാധാനം. ഏത് മേഘപാളികള്‍ക്കുള്ളിലാണ് അത് ഒളിച്ചിരിക്കുന്നത്?. നന്മനക്ഷത്രങ്ങള്‍ കണ്ണടക്കുകയാണ്. നാഥന്‍ പിറന്ന മണ്ണില്‍ കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ, ദാഹജലമില്ലാതെ, മരുന്നുകളില്ലാതെ, മൃതിപൂകുന്നു. ആയിരങ്ങള്‍, പതിനായിരങ്ങള്‍ അഭിനവ ഹെറോദേസിന്റെ മിസൈലുകള്‍ക്കും വെടിയുണ്ടാകള്‍ക്കും ഇരയായി രക്തം ചൊരിഞ്ഞും കത്തിക്കരിഞ്ഞും മരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്ത് ക്രിസ്തുമസ് പിഞ്ചുകുഞ്ഞുങ്ങളുടെ രക്തം വീണ് ഭൂമി കുതിരുകയാണ്. ലോകം മഹാന്ധകാരത്തില്‍ മുങ്ങുകയാണ്. ലോകമെങ്ങും പലായനങ്ങള്‍ തുടര്‍ക്കഥയാവുന്നു. മരുഭൂമിയും കടലുകളും അതിരുകളും താണ്ടി ഓടുകയാണ് ജനം. കാലിത്തൊഴുത്തില്‍ പിറന്നവന്‍, അഭയാര്‍ഥിക്കുഞ്ഞായി ഈജിപ്തിലേക്ക് പലായനം ചെയ്തവന്‍, പാപികള്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കുമിടയില്‍ ജീവിച്ചവന്‍, അധികാരങ്ങളെ ചോദ്യം ചെയ്തവന്‍, അവന്റെ പിറവി നല്‍കുന്ന ലളിതസന്ദേശം, ത്തില്‍ കെട്ടിപ്പൊ ധാര്‍ഷ്ട്യക്കിയ മഹാസൗധങ്ങളില്‍ അവന് ഇട മുണ്ടാവില്ല എന്ന ഓര്‍മപ്പെടുത്തലാണ്.
സ്വര്‍ണത്തില്‍ പൊതിഞ്ഞ കാഴ്ച്ചദ്രവ്യങ്ങളില്‍ പ്രസാദിക്കാന്‍ അവനാവുമോ! ആദ്യജാതനെ മാറോടുചേര്‍ത്ത് ജോസ ഫും മറിയവും ഈജിപ്തിലേക്ക് ഓടി ത്തീര്‍ത്ത ദൂരങ്ങള്‍ ഇന്നും ഓടിക്കൊണ്ടി രിക്കുകയാണ് അഗതികള്‍ സ്വന്തമെന്ന് പറയാന്‍ ഒരു ദേശമില്ലാത്ത, മണ്ണില്ലാത്ത, അമ്മമാര്‍ നിറവയറുമായ് യാത്ര തുടരുന്നു. വേലികള്‍ക്കപ്പുറം തോക്കേന്തി നില്‍ക്കുന്ന പട്ടാളം പിറക്കും മുന്നേ കുഞ്ഞുകണ്ണുകളിലെ ചിരി കെടുത്തിക്കളയുന്നു. ദിവ്യ ശിശുവിന്റെ പിറവിക്കായ് ലോകം പുല്‍ക്കൂടൊരുക്കി കാത്തിരിക്കുമ്പോള്‍ ‘ആയിരം ശിശുരോദനങ്ങള്‍’ ഉയരുന്നത് കേള്‍ക്കാന്‍ കാതുകള്‍ തുറക്കുന്നില്ലെങ്കില്‍ ഈ നക്ഷത്രത്തിളക്കങ്ങളൊക്കെയും വ്യര്‍ത്ഥമല്ലേ! അസഹിഷ്ണുതയുടെ ഇരിപ്പിടമായ് മാറുന്ന മനസുകള്‍. പുകയുന്ന അഗ്‌നിപര്‍വതങ്ങള്‍ പേറുന്ന വന്‍കരകളുമായ് ഭ്രമണം തുടരുന്ന ഭൂമി സ്വര്‍ണമിനാ രങ്ങള്‍ വിളങ്ങുന്ന പള്ളിമേടകളില്‍ വെളിപ്പെടാത്ത രഹസ്യം വലിയവരില്‍ നിന്നും മറച്ചുവെച്ച് ശിശു ഹൃദയമുള്ളവര്‍ക്ക് മാത്രം വെളിപ്പെടുത്തിയവനാണ് അവന്‍. കുലങ്ങളും വര്‍ണങ്ങളും ജാതികളും വംശങ്ങളും അപ്രസക്തമാവുന്ന സമത്വസുന്ദര സോഷ്യലിസത്തിന്റെ പിറവിയായിരുന്നു കാലിത്തൊഴുത്തില്‍ സംഭവിച്ചത്.
പുല്‍മെത്തയില്‍ കിടന്ന് ഉണ്ണിയേശു മറിയത്തെ നോക്കി. ആ നോട്ടത്തിന്റെ കാന്തിക കിരണങ്ങള്‍ അപമാനിതരാവുന്ന ഓരോ അമ്മയേയും തേടി ഇന്നും യുഗങ്ങള്‍ താണ്ടി വരുന്നു. ‘ഭൂമിയില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍’ എന്ന് മാലാഖമാര്‍ വാഴ്ത്തിയവള്‍ അപമാനം പേറി ഇടറിനടന്നു. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ ഹൃദയത്തിലേക്ക് കടക്കാനിരുന്ന വാള്‍ രാജമന്ദിരങ്ങളില്‍ അന്നേ തുടച്ചുമിനുക്കി വെച്ചത് അവളറി ഞ്ഞില്ല. പാപികളുടെയും ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടുകാരന് അവള്‍ ജന്മം നല്‍കിയത് തെറ്റ്. വഴിതെറ്റിപ്പോയവരെ തേടി അവന്‍ നടന്നത് മഹാപരാധം. ‘നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ്. മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല.’ എന്ന് പറയാന്‍ ഒരു ഗുരുവും അന്നോളം പിറന്നിട്ടില്ലായിരുന്നു. ഓരോ ക്രിസ്തുമസും കുരിശിലേക്കുള്ള യാത്രയുടെ തുടക്കമാണ്.
സത്യം കുരിശില്‍ പിടയുമ്പോള്‍ രക്ഷകന്റെ പിറവിക്കായ് ലോകം വീണ്ടും കാത്തിരിപ്പ് തുടരും. ആ പ്രതീക്ഷയാണല്ലോ ജീവിതമെന്ന മഹാകാവ്യം. മതങ്ങളുടെയോ ഭാഷയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വേലികള്‍ക്കപ്പുറത്തേക്ക് പീഡിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും പ്രഘോഷിച്ചുകൊണ്ട് ക്രിസ്തുമസ് പൂത്തിരികള്‍ നാടെങ്ങും കത്തി പ്പടരട്ടെ. പാടാം ‘ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.’ കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.