ശബരിമലയില്‍ തീര്‍ത്ഥാടനത്തിനിടെ മറ്റൊരു ദാരുണസംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തു. സന്നിധാനത്ത് എത്തിയപ്പോഴുണ്ടായ ഹൃദയാഘാതം മൂലം തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ മുരളി (50) മരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ ഒന്‍പതായി. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17ന് നട തുറന്നതിനു പിന്നാലെ ആദ്യ ഒന്‍പത് ദിവസത്തിനുള്ളില്‍ തന്നെ ഒന്‍പത് പേര്‍ മരിച്ചിരിക്കുകയാണ്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. രണ്ട് മാസത്തിലേറെ നീളുന്ന ശബരിമല സീസണില്‍ സാധാരണയായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഓരോ സീസണിലും കുറഞ്ഞത് 150ഓളം ഹൃദയ സംബന്ധമായ അടിയന്തരാവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതില്‍ ശരാശരി 40-42 കേസുകളില്‍ മരണം സംഭവിക്കുന്നതായും രേഖകളുണ്ട്. ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെടുന്ന സംഭവങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ മരണങ്ങളുടെ ഇരട്ടിയിലധികം ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ സീസണിന്റെ ആദ്യ എട്ട് ദിവസങ്ങളില്‍ മാത്രം എട്ട് ഹൃദയാഘാത മരണങ്ങളും ഒരു മുങ്ങി മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.