kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ന്യൂമോണിയ ബാധിച്ച ഭിന്നശേഷിക്കാരിക്ക് ചികിത്സ നിഷേധിച്ചു; പെണ്‍കുട്ടി മരിച്ചു

By webdesk17

July 18, 2025

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകള്‍ അശ്വതയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിനെതിരെ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി.

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അശ്വതയെ എത്തിച്ചത്. ആരോഗ്യനില വളരെ മോശമായിട്ടും ഗൗരവത്തോടെ ഡോക്ടര്‍മാര്‍ പരിഗണിച്ചില്ലെന്നും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ചെന്നും കുടുംബം പറയുന്നു.

കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ തന്നെ ചിലവ് താങ്ങാവുന്നതിലും അധികമായതോടെ നാട്ടുകാര്‍ കുടുംബത്തെ സഹായിക്കുകയായിരുന്നു. പിന്നീട് മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രോഗം മൂര്‍ച്ഛിച്ച് അശ്വതയുടെ മരണം.