india

അറിയാതെ ദേഹത്ത് സ്പര്‍ശിച്ചതിന്റെ പേരില്‍ സഹയാത്രികന്‍ മര്‍ദിച്ച ഭിന്നശേഷിക്കാനായ യുവാവിനെ കാണാനില്ലെന്ന് പരാതി

By webdesk18

August 02, 2025

അറിയാതെ ദേഹത്ത് സ്പര്‍ശിച്ചു എന്ന കാരണത്താല്‍ സഹയാത്രികന്റെ മര്‍ദനമേറ്റ ഭിന്നശേഷിക്കാനായ ഹുസൈന്‍ എന്നയാളെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ഇന്‍ഡിഗോ 6E138 വിമാനത്തിലായിരുന്നു സംഭവം. മര്‍ദനമേറ്റ യാത്രക്കാരന് പാനിക്ക് അറ്റാക്കുണ്ടായതിനെ തുടര്‍ന്ന് യാത്രാ മധ്യേ വിമാനത്തിനകത്ത് പ്രക്ഷുബ്ധ രംഗങ്ങള്‍ അരങ്ങേറിയിരുന്നു.

യാത്രക്കാരന് പാനിക്ക് അറ്റാക്ക് ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. വിമാനം കൊല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ അക്രമിയെ അധികൃതര്‍ക്ക് കൈമാറിയതായി ഇന്‍ഡിഗോ അറിയിച്ചു. തുടര്‍ന്ന് മര്‍ദിച്ച യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയുമുണ്ടായി. അസമിലെ കാച്ചര്‍ ജില്ലയില്‍ നിന്നുള്ള 32കാരനായ ഹുസൈന്‍ അഹമ്മദ് മജുംദാര്‍ ആണ് മര്‍ദനത്തിനിരയായ വ്യക്തി. മുംബൈയില്‍നിന്ന് കൊല്‍ക്കത്ത വഴി സില്‍ച്ചാറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ആക്രമണം നേരിടേണ്ടി വന്നത്.

അതേസമയം, ഹുസൈന്‍ ഇതുവരെയും സില്‍ച്ചാറില്‍ എത്തിയിട്ടില്ലെന്ന് കുടുംബം അറിയിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹം എത്തിയിട്ടില്ലെന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നും കുടുംബം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുംബൈയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം മുമ്പും ഇതേ റൂട്ടില്‍ പലതവണ വീട്ടിലേക്ക് വന്നിട്ടുണ്ടെന്ന് കുടുംബം പറയുന്നു. ഇന്‍ഡിഗോക്കോ വിമാനത്താവള അധികൃതര്‍ക്കും അദ്ദേഹം എവിടെയാണെന്ന് ഒരു വിവരവും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കുടുംബം പറഞ്ഞു. വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരെയും അവര്‍ അറിയിച്ചിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഉദര്‍ബോണ്ട് പൊലീസ് സ്റ്റേഷനിലും കാണാതായ പരാതി നല്‍കി.