kerala

മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചുതള്ളി; കായികാധ്യാപകന്‍ നിലത്തടിച്ചുവീണ് മരിച്ചു

By webdesk18

February 27, 2025

തൃശൂരില്‍ മദ്യലഹരിയില്‍ സുഹൃത്ത് പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് നിലത്തടിച്ച് വീണ കായികാധ്യാപകന്‍ മരിച്ചു. തൃശൂര്‍ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനില്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് രാജരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂര്‍ റീജനല്‍ തിയറ്ററിന് മുന്നിലായിരുന്നു സംഭവം. നാടകോത്സവം നടക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജരാജന്‍ അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്നു ഇരുവരും. നിലത്ത് തലയടിച്ച് വീണ അനിലിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകന്റെ ദേഹത്ത് പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.