കൊല്‍ക്കത്ത: ഹൂഗ്‌ളിയിലുണ്ടായ ഭീകര സംഭവത്തില്‍ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവമറിഞ്ഞ് കൊല്‍ക്കത്ത നടുങ്ങുന്നു. താരകേശ്വറിലെ റെയില്‍വേ ഷെഡില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്നിരിക്കെയായിരുന്ന കുഞ്ഞിനെ വെള്ളിയാഴ്ച പുലര്‍ച്ചെ അക്രമി തട്ടിക്കൊണ്ടുപോയത്.
ബന്ധുക്കള്‍ നടത്തിയ തെരച്ചിലില്‍ ശനിയാഴ്ച ഉച്ചയോടെ താരകേശ്വര്‍ റെയില്‍വേ ഹൈ ഡ്രെയിനിന് സമീപം കുഞ്ഞിനെ വിവസ്ത്രയായും രക്തത്തില്‍ കുളിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ താരകേശ്വര്‍ ഗ്രാമീണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുത്തശ്ശിയുടെ മൊഴിപ്രകാരം, കൊതുകുവല കീറി കുഞ്ഞിനെ അക്രമി എടുത്തുകൊണ്ടുപോയെന്നാണ് വിവരം. ബഞ്ചാര സമുദായത്തില്‍പ്പെട്ട ഈ കുടുംബത്തിന് സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ തെരുവിലാണ് താമസം.
”അവള്‍ എന്റെ അടുത്ത് ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ ആരോ കൊതുകുവല മുറിച്ചെടുത്ത് അവളെ കൊണ്ടുപോയി. ഞങ്ങളുടെ വീടുകള്‍ തകര്‍ത്തതിനാല്‍ ഇപ്പോള്‍ തെരുവിലാണ് ഞങ്ങള്‍ താമസം,” എന്ന് മുത്തശ്ശി കണ്ണീരോടെ പറഞ്ഞു.
സംഭവത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം (പോക്‌സോ) പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി താരകേശ്വര്‍ പൊലീസ് അറിയിച്ചു. എന്നാല്‍, പൊലീസ് വൈകിയെന്നും കേസില്‍ മന്ദഗതിയാണെന്നും ബി.ജെ.പി ആരോപിച്ചു.
സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പൊലീസ് നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. അതേസമയം, സമയബന്ധിതമായി കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും താരകേശ്വര്‍ പൊലീസ് വ്യക്തമാക്കി.