kerala

പ്രൗഢ സമാപ്തി

By Akhila

February 09, 2026

അബ്ദുല്ലക്കുഞ്ഞി ഉദുമ

കുണിയ

ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്‍ പുതുചരിത്രം തീര്‍ത്ത് സമാപിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങളക്കമുള്ള അവധൂതന്മാര്‍ കൊളുത്തിവച്ച സത്യദീനിന്റെ ഭദ്രദീപമായ സമസ്തയുടെ ആദര്‍ശ ആശയങ്ങള്‍ നെഞ്ചിലേറ്റി അങ്ങകലെ നഗര ഗ്രാമാന്തരങ്ങളില്‍ നിന്നും ചെറുതോടായി, പുഴയായി എത്തി പിന്നെ അലകടലായി പരന്നൊഴുകിയെത്തിയ ജനലക്ഷങ്ങള്‍ കുണിയയില്‍ മനുഷ്യസാഗരം തീര്‍ത്തു.

നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ചരിത്ര മഹാസംഗമത്തിന് സാക്ഷികളാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ജനം കുണിയയിലെത്തി. കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ്നാട്, കര്‍ണാടക, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകളില്‍ നിന്നു മെല്ലാം കുണിയയെ ലക്ഷ്യമാക്കി എത്തിച്ചേര്‍ന്നു. കാല്‍നടയായും സൈക്കിളിലും കപ്പല്‍ വിമാന മാര്‍ഗങ്ങളിലും സഞ്ചരിച്ച് എത്തിയവരുണ്ട്. ശതാബ്ദി മഹാസമ്മേളനത്തിനായി നാനാദിക്കുക ളില്‍ എത്തിയ ആളുകളെ കൊണ്ട് റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും ലോഡ്ജുകളുമെല്ലാം തിങ്ങിനിറഞ്ഞ കാഴ്ചയായിരുന്നു. പ്രവര്‍ത്തകരുമായി ആയിരക്കണക്കിന് ബസുകളും കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളും വിവിധ ജില്ലകളില്‍ നിന്നും രാവിലെ മുതല്‍ എത്തി.

ടൂറിസ്റ്റ് ബസുകള്‍ക്ക് പുറമെ കെ.എ സ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും പ്രവര്‍ത്തകരെത്തി. പ്രധാന റോഡുകളെല്ലാം ഉച്ചയ്ക്ക് തന്നെ ജനനിബിഡമായി. അഹ്ലുസുന്നയുടെ ആദര്‍ശത്തിലടിയുറച്ച പുരുഷാരം കണ്ണും കാതും മനസും അര്‍പ്പിച്ച് രാത്രി വൈകുവോളം കുണിയയില്‍ തങ്ങി. കണ്ണൂര്‍ – മംഗളൂരു ദേശീയ പാതയോരത്താണ് വിശാലമായ വേദി. ശംസുല്‍ ഉലമയുടെ നാമധേയത്തിലുള്ള കവാടവും, സമസ്തയുടെ സ്ഥാപക നേതാവ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സ്മരണാര്‍ഥം പരമ്പരാഗത പായക്കപ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച പ്രധാനവേദിയും സമ്മേളനത്തിന് ചരിത്ര പരമായഭാവം നല്‍കി.

സമ്പന്നമായ പൈതൃകവും മുഖമുദ്രയാക്കി ആദര്‍ശ വിശുദ്ധിയുടെ ധവളശോഭ വിതറിയ 100 വര്‍ഷത്തിന്റെ ഓര്‍മത്തണലില്‍ ഒത്തുചേര്‍ന്ന മനുഷ്യ പാരാവാരം അഹ്ലുസുന്നയുടെ തുടര്‍പ്രയാണത്തിനുള്ള ഊര്‍ജം ആവാഹിച്ചെടുത്താണ് മടങ്ങിയത്. ഇബ്രാഹിം ഹാജി കുണിയ എന്ന സമ്പന്നനാണ് സമ്മേളനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്‌. 500 ധികം ഏക്കര്‍ സ്ഥലം, അമ്പര ചുമ്പികളായ ബില്‍ഡിങുകള്‍, ക്യാമ്പിന് വന്ന 33313 പേര്‍ക്ക് മൂന്നു ദിവസം താമസം ഭക്ഷ ണം മറ്റു സൗകര്യങ്ങള്‍, സമാപന സമ്മേളനത്തിന് എത്തിയ നേതാക്കള്‍ക്ക് മാത്രം 1200 സിറ്റിംഗ് സ്റ്റേജ് എന്നിവ നല്‍കി. സ്ഥലങ്ങള്‍ ക്ലീനിംഗിന് മാത്രം സ്വ ന്തമായി 10 ജെസിബി വാങ്ങി നല്‍കി. കുണിയ എന്ന ഈ കൊച്ചു ഗ്രാമം അന്താരാഷ്ട്ര ഭൂപടത്തില്‍ ഇനി അടയാളപ്പെടുത്തുക സമസ്തയുടെ നൂ റാം വാര്‍ഷിക സമ്മേളനത്തിന്റെ പേരിലായിരിക്കും.

സംസ്ഥാനത്ത് പുകയില ഉത്പാദനത്തിന്റെ കേന്ദ്രമെന്ന നിലയില്‍ അറിയപ്പെട്ട കുണിയയില്‍ സമസ്ത അന്താരാഷ്ട്ര സമ്മേളനം നടന്നതോടെ മറ്റൊരു ചരിത്രം കൂടി പിറന്നു. കാരിരുമ്പ് പോലും തോല്‍ക്കുന്ന പാറക്കൂട്ടങ്ങളും നരിയുള്‍പ്പെടെയുള്ള മൃഗങ്ങളും ഉഗ്രവിഷമുള്ള ഇഴ ജന്തുക്കളും സൈ്വര്യ വിഹാരം നടത്തിയിരുന്ന കാടു തിങ്ങി നിറഞ്ഞ വിശാലമായ ഭൂപ്രദേശമായിരുന്നു ഇവിടം. കുണിയന്‍ എന്ന പേരിലുള്ള ഒരുതരം പുല്ല് പ്രദേശത്ത് ഉണ്ടായിരുന്നുവെ ന്നും ഒരു നൂറ്റാണ്ട് മുമ്പ് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി പുല്ലുതേടി പുറമെ നിന്നും വന്ന ആളുകള്‍ ഉള്‍പ്പെടെ പരസ്പരം കുണിയന്‍ എന്ന് പറഞ്ഞു തുടങ്ങുകയും പിന്നീട് അത് ലോപിച്ച് കുണിയ എന്നായി മാറിയെന്നുമുള്ള കഥ പൂര്‍വികര്‍ പറഞ്ഞതായി ഇവിടത്തുകാര്‍ ഓര്‍ക്കുന്നു. കുണിയന്‍ എന്ന പുല്ല് മാറി പുകയില കൃഷിയുടെ പേരിലാണ് പിന്നീട് ഈപ്രദേശം അറിയപ്പെട്ടത്.

കുണിയ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കുണിയ അന്താരാഷ്ട്ര ഇന്‍സ്റ്റ്യൂഷന്‍ സ്ഥാപിച്ചതോടെ ഈ പ്രദേശത്തിന്റെ മുഖചായ തന്നെ മാറ്റി. അഞ്ചു ദിവസമായി ആ ഭൂമിയിലാണ് വലിയൊരു ആള്‍ക്കൂട്ടത്തെ സ്വീകരിച്ചത്. പുണ്യ ഭൂമിയിലേക്കെന്ന പോല്‍  ഒഴുകിയെത്തിയ മഹാസംഗമസ്ഥാനമായി കുണിയ മാറി.