ഡോ. ആനന്ദ് എം.ആർ സീനിയർ കൺസൾട്ടന്റ് – പീഡിയാട്രിക്സ് & നിയോനറ്റോളജി ആസ്റ്റർ മിംസ് കോഴിക്കോട്
കുഞ്ഞിന് ആദ്യത്തെ ആറുമാസം പൂർണമായും മുലപ്പാൽ മാത്രം നൽകണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. എന്നാൽ പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ പല അമ്മമാരും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി കുഞ്ഞിനുള്ള മുലപ്പാൽ എങ്ങനെ ഉറപ്പാക്കും എന്നതാണ്. ഇവിടെയാണ് മിൽക്ക് പമ്പിങ്ങിന്റെയും സുരക്ഷിതമായ സംഭരണരീതികളുടെയും പ്രാധാന്യം. ശരിയായ രീതിയിൽ പാൽ പമ്പ് ചെയ്ത് സൂക്ഷിച്ചാൽ, ജോലിയിലായിരിക്കുമ്പോഴും കുഞ്ഞിന് മുലപ്പാലിന്റെ ഗുണങ്ങൾ ഒട്ടും കുറയാതെ നൽകാം.
എന്താണ് മിൽക്ക് പമ്പിങ്? എപ്പോൾ തുടങ്ങാം?
കൈകൾ കൊണ്ടോ പ്രത്യേക ഉപകരണമായ ബ്രെസ്റ് പമ്പ് ഉപയോഗിച്ച് സ്തനങ്ങളിൽ നിന്ന് പാൽ ശേഖരിക്കുന്ന പ്രക്രിയയാണ് മിൽക്ക് പമ്പിംഗ്. ജോലിയിൽ പ്രവേശിക്കുന്നതിന് രണ്ടു മുതൽ മൂന്ന് ആഴ്ച മുമ്പെങ്കിലും പമ്പ് ചെയ്തു ശീലിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സൗകര്യപ്രദമായിരിക്കും.
ശ്രദ്ധിക്കുക ശുചിത്വം പ്രധാനമാണ്. പാൽ പമ്പ് ചെയ്യുന്നതിന് മുമ്പ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. കൂടാതെ പമ്പിംഗ് ഉപകരണങ്ങളും കുപ്പികളും സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകി സ്റ്റെറിലൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
മുലപ്പാൽ സൂക്ഷിക്കേണ്ട താപനിലയും കാലാവധിയും
പമ്പ് ചെയ്ത മുലപ്പാൽ വായുകടക്കാത്ത ബി.പി.എ-ഫ്രീ (BPA-free) പ്ലാസ്റ്റിക് കുപ്പികളിലോ പ്രത്യേക സ്റ്റോറേജ് ബാഗുകളിലോ ശേഖരിച്ച് കൃത്യമായ താപനിലയിൽ വേണം സൂക്ഷിക്കാൻ. ഇത്തരത്തിൽ ശേഖരിക്കുന്ന പാൽ 25° സെൽഷ്യസിൽ താഴെയുള്ള സാധാരണ മുറിയിലെ ഊഷ്മാവിൽ പരമാവധി 6 മണിക്കൂർ വരെയും, റഫ്രിജറേറ്ററിലെ സാധാരണ തട്ടുകളിൽ പുറകിലായി (4°സെൽഷ്യസ് അല്ലെങ്കിൽ അതിൽ താഴെ) 24 മണിക്കൂർ വരെ കേടുകൂടാതെ വെയ്ക്കാവുന്നതാണ്. എന്നാൽ ഡീപ്പ് ഫ്രീസറിലാണ് (-18°സെൽഷ്യസ് അല്ലെങ്കിൽ അതിൽ താഴെ) സൂക്ഷിക്കുന്നതെങ്കിൽ 6 മാസം വരെ ഇത് സുരക്ഷിതമായി ഇരിക്കും.
പ്രത്യേകം ശ്രദ്ധിക്കുക: ഫ്രിഡ്ജിന്റെ വാതിലിലെ ഷെൽഫുകളിൽ പാൽ സൂക്ഷിക്കരുത്. വാതിൽ അടയ്ക്കുമ്പോഴും തുറക്കുമ്പോഴും താപനില മാറാൻ സാധ്യതയുള്ളതിനാൽ, ഫ്രിഡ്ജിന് ഉള്ളിലെ ഏറ്റവും തണുപ്പുള്ള പിൻഭാഗത്ത് വേണം പാത്രങ്ങൾ വെയ്ക്കാൻ.
ഫ്രോസൺ ചെയ്ത പാൽ എങ്ങനെ ഉപയോഗിക്കാം?
ഫ്രീസറിൽ വെച്ച് തണുപ്പിച്ച പാൽ നേരിട്ട് ചൂടാക്കുകയോ മൈക്രോവേവ് ഓവനിൽ വെയ്ക്കുകയോ ചെയ്യരുത്. ഇത് പാലിലെ പോഷകഗുണങ്ങൾ നശിക്കാൻ കാരണമാകും. തണുപ്പ് മാറ്റാനായി തലേദിവസം രാത്രി തന്നെ ഫ്രീസറിലെ പാൽ റഫ്രിജറേറ്ററിന്റെ താഴത്തെ തട്ടിലേക്ക് മാറ്റി വെക്കേണ്ടതാണ്. തുടർന്ന് പാലടങ്ങിയ കുപ്പി ചെറുചൂടുവെള്ളമുള്ള പാത്രത്തിൽ കുറച്ചുസമയം ഇറക്കിവെച്ച് ഉപയോഗത്തിന് അനുയോജ്യമായ ഊഷ്മാവിലാക്കാം. ഇത്തരത്തിൽ തണുപ്പു മാറ്റിയെടുത്ത പാൽ 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കേണ്ടതും യാതൊരു കാരണവശാലും വീണ്ടും ഫ്രീസ് ചെയ്യാൻ പാടില്ലാത്തതുമാണ്. കൂടാതെ കുഞ്ഞ് കുടിച്ചശേഷം കുപ്പിയിൽ ബാക്കിവരുന്ന പാൽ 2 മണിക്കൂറിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ അത് കളയേണ്ടതുമാണ്.
കുഞ്ഞിന് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
>> തീയതി രേഖപ്പെടുത്താം: സ്റ്റോറേജ് ബാഗുകളിലോ കുപ്പികളിലോ പാൽ പമ്പ് ചെയ്ത തീയതിയും സമയവും എഴുതിവെയ്ക്കുക. ആദ്യം പമ്പ് ചെയ്ത പാൽ വേണം ആദ്യം ഉപയോഗിക്കാൻ.
>> പാട കെട്ടിയാൽ: തണുപ്പിച്ചു വെച്ച പാലിൽ കൊഴുപ്പ് മുകളിൽ പാടയായി കെട്ടിക്കിടക്കാൻ സാധ്യതയുണ്ട്. നൽകുന്നതിന് മുമ്പ് കുപ്പി പതുക്കെ ചുഴറ്റി യോജിപ്പിക്കുക ശക്തിയായി കുലുക്കരുത്.
>> നേരിട്ടുള്ള പാലൂട്ടൽ: ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ അമ്മ നേരിട്ടുതന്നെ കുഞ്ഞിന് മുലപ്പാൽ നൽകാൻ ശ്രദ്ധിക്കുക. ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കും.
ജോലിയും മാതൃത്വവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ കൃത്യമായ അറിവും മുൻകൂട്ടിയുള്ള തയാറെടുപ്പുമുണ്ടെങ്കിൽ ജോലിത്തിരക്കുകൾക്കിടയിലും കുഞ്ഞിന് മുലപ്പാലിന്റെ സംരക്ഷണം ഉറപ്പാക്കാം. അമ്മയുടെ അഭാവത്തിലും കുഞ്ഞിന്റെ ആരോഗ്യവും സ്നേഹവും തടസ്സമില്ലാതെ തുടരുന്നു എന്ന് ഉറപ്പുവരുത്താൻ മിൽക്ക് പമ്പിങ് എന്ന സാങ്കേതികവിദ്യ വലിയൊരു സഹായമാണ്.