editorial

തന്നിഷ്ടത്തിനേറ്റ കനത്ത തിരിച്ചടി

By Manya

March 07, 2026

ഭരണനിര്‍വഹണത്തിന്റെ നട്ടെല്ലായ സിവില്‍ സര്‍വീസിനെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഉത്തരവ്. ഐ.എ.എസ് കേഡര്‍ തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെയും മറ്റ് കേഡര്‍ ഇതര ഉദ്യോഗസ്ഥരെയും തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ രീതി നിയമവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണം കേവലം സാങ്കേതിക തിരുത്തലല്ല, മറിച്ച് ഭരണഘടനാപരമായ ചട്ടക്കൂടിനെ ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ്.

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. ബി അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.എ.ടി വ്യക്തമാക്കി. നിലവില്‍ എക്‌സൈസ് കമ്മീഷണറായ എം.ആര്‍ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവു എന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. മാനസപുത്രന്‍ തെറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വന്‍ തിരിച്ചടിയാണ്. മാത്രമല്ല ഉത്തരവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എം.ആര്‍ അജിത് കുമാറിനെയാണ്.

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണ്. അവിടെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന എം.ആര്‍ അജിത്കുമാറിനെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ നിയമത്തിന്റെ നൂല്‍പ്പാലത്തില്‍ തട്ടി വീണിരിക്കുകയാണ്. ഇത് കേവലം അജിത് കുമാറിന്റെ വ്യക്തിപരമാ യ തിരിച്ചടിയല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. ഘടം ക്ഷിയായ സി.പി.ഐ പോലും എതിര്‍ത്തിട്ടും പലപ്പോഴും അജിത്കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിറകുകള്‍ക്കുള്ളില്‍ സംരക്ഷിച്ചുപോരുകയായിരുന്നു. 2014-ലെ കേഡര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഉദ്യോഗസ്ഥരെ മാറ്റുന്ന രീതിക്ക് തടയിട്ട ട്രിബ്യൂണല്‍ നടപടി സ്വാഗതാര്‍ഹമാണ്. ബി. അശോക് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിലൂടെ, ഭരണകൂടത്തിന്റെ ഇഷ്ടാനിഷ്ടങ്ങളല്ല മറിച്ച് നിലവിലുള്ള നി യമസംഹിതകളാണ് പരമമെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുന്നു. ഒരു ഉദ്യോഗസ്ഥന് നിശ്ചിത കാലാവധി നല്‍കണമെന്ന നിയമം ലംഘിക്കുന്നത് ഭരണപരമായ അസ്ഥിരതയ്ക്ക് കാരണമാകും.

ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഈ വിഷയത്തില്‍ നേരിട്ട് രംഗത്തിറങ്ങി എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥ ഭരണസംവിധാനത്തില്‍ രാഷ്ട്രീയ അതിപ്രസരം കൂടുമ്പോള്‍ സ്വാഭാവികമായും ഇത്തരം നിയമയുദ്ധങ്ങള്‍ അനിവാര്യമായിത്തീരുന്നു. ഐ.എ.എസ് തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സിവില്‍ സര്‍വീസിന്റെ ഘടനയെത്തന്നെ തകര്‍ക്കും. തങ്ങളുടെ ആവശ്യം ലളിതമായിരുന്നുവെന്നാണ് ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ പറഞ്ഞ എല്ലാ തടസവാദങ്ങളും പരിശോധിച്ചുള്ള വിധിയാണിത്. സ്ഥലംമാറ്റം കേഡര്‍ ചട്ടത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഐ.എ.എസുകാരെ നിയമിക്കേണ്ട കേഡര്‍ പോസ്റ്റുകളില്‍ ഐ.എ.എസ്സുകാരെയാണ് നിയമിക്കേണ്ടത്. അതിനു മാറ്റം വന്നപ്പോഴാണ് നിയമപരമായി മുന്നോട്ടു പോയത്.

സിവില്‍ സര്‍വീസ് ബോര്‍ഡ് 2016 ന് ശേഷം കേരളത്തില്‍ യോഗം ചേര്‍ന്നിരുന്നില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും അവസരം നല്‍കിയില്ലന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഭരണനിര്‍വഹണം എന്നത് രാഷ്ട്രീയ മേലാളന്മാരുടെ ആ ജ്ഞാനുവര്‍ത്തികളാകാനുള്ള ഒന്നല്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗസ്ഥ വിന്യാസം നടത്താവു എന്ന സി.എ.ടി ഉത്തരവ് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ ‘തന്നിഷ്ട’ങ്ങള്‍ക്കേറ്റ ഈ പ്രഹരം വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഉദ്യോഗസ്ഥതലത്തിലെ അസംതൃപ്തിയും നിയമക്കുരുക്കുകളും ഭരണത്തിന്റെ വേഗത കുറയ്ക്കുമെന്നതില്‍ തര്‍ക്കമില്ല.