News

അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; F-15 Eagle തകര്‍ത്ത് ഇറാന്‍

By Manya

March 02, 2026

കുവൈത്ത്: അമേരിക്കയുടെ F-15 Eagle യുദ്ധവിമാനം ഇറാന്‍ വെടിവച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജനവാസ മേഖലയ്ക്ക് സമീപം വിമാനം തകര്‍ന്നുവീണ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. പൈലറ്റ് രക്ഷപ്പെട്ടതായി അറിയുന്നു. പരുക്കേറ്റ പൈലറ്റിനെ നാട്ടുകാര്‍ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആക്രമണം നടന്നതായി അമേരിക്കയോ കുവൈത്തോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമാവുകയാണ്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയെ സമീപിച്ചിരിക്കുകയാണ് ഇറാന്‍. സുസ്ഥിരവും ഫലപ്രദവുമായ ഇടപെടല്‍ വേണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആവശ്യപ്പെട്ടു.

ഇറാന്റെ ആക്രമണത്തില്‍ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ സല്‍മാന്‍ തുറമുഖത്തിന് സമീപം മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

അതേസമയം സൈപ്രസിലെ ബ്രിട്ടീഷ് സൈനിക ആസ്ഥാനത്തെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണത്തിന് ഇറാന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത്. മേഖലയിലെ പ്രതിരോധം ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടപടി തുടരുന്നു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ എന്നിവരുമായി ഫോണില്‍ ആശയവിനിമയം നടത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തി.