Auto

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രമാറ്റം; ടാറ്റയുടെ ആധിപത്യം തകർത്തു എം.ജി വിൻഡ്സർ ഇ.വി

By webdesk18

December 18, 2025

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി ടാറ്റ മോട്ടോർസിന്റെ ആധിപത്യം തകർത്തു ചൈനീസ് കാർ നിർമാതാക്കൾ. ഈ വർഷം ഏറ്റവും കൂടുതൽ വിൽപന നേടിയ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ടാറ്റ മോട്ടോർസിന്റെ കാറുകൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനീസ് കമ്പനിയുടേതായ എം.ജിയുടെ വിൻഡ്സർ ഇ.വിയാണ് ടാറ്റയുടെ നക്സൺ ഇ.വിയെയും പഞ്ച് ഇ.വിയെയും മറികടന്ന് ഒന്നാമതെത്തിയത്.

ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം എം.ജി വിൻഡ്സർ ഇ.വി 43,139 യൂണിറ്റുകൾ വിൽപന നടത്തി. ഇതേ കാലയളവിൽ ടാറ്റ നക്സൺ ഇ.വി 22,878 യൂണിറ്റുകളും പഞ്ച് ഇ.വി 14,634 യൂണിറ്റുകളും മാത്രമാണ് വിറ്റുപോയത്. 2020ൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ടാറ്റ മോട്ടോർസിന്റെ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിൻഡ്സർ ഇ.വി ഇന്ത്യൻ വിപണിയിൽ എത്തിയത്. മേയ് വരെ പ്രതിമാസം ശരാശരി 3,000 യൂണിറ്റുകളായിരുന്നു വിൽപന. പിന്നീട് ഇത് 4,000 യൂണിറ്റായി ഉയർന്നു. സെപ്റ്റംബറിൽ മാത്രം 4,741 യൂണിറ്റുകൾ വിറ്റഴിച്ച് വിൻഡ്സർ ഇ.വി റെക്കോർഡ് കുറിച്ചു. തുടക്കത്തിൽ 38 കിലോവാട്ട്-ഹവർസ് ബാറ്ററി പാക്കിൽ 332 കിലോമീറ്റർ റേഞ്ചുള്ള മോഡലാണ് പുറത്തിറക്കിയത്. പിന്നീട് 52.9 കിലോവാട്ട്-ഹവർസ് ബാറ്ററി പാക്കും 449 കിലോമീറ്റർ റേഞ്ചുമുള്ള പതിപ്പ് അവതരിപ്പിച്ചതോടെ വിൽപന കുത്തനെ ഉയർന്നു.

നാലുവർഷമായി ടാറ്റ മോട്ടോർസിന് ഉണ്ടായിരുന്ന ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യമാണ് എം.ജി ഇതോടെ തകർത്തത്. നക്സൺ ഇ.വി പുറത്തിറങ്ങിയതോടെയാണ് ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക്ക് വ്യാപക സ്വീകാര്യത ലഭിച്ചത്. 2020ൽ വിറ്റ 4,000 ഇലക്ട്രിക് കാറുകളിൽ 2,600 എണ്ണം നക്സൺ ഇ.വിയായിരുന്നു. 2021ൽ 9,000 യൂണിറ്റുകളും 2022ൽ 30,000 യൂണിറ്റുകളും നക്സൺ ഇ.വി വിറ്റുപോയി.

ടിഗോർ ഇ.വിയുടെ വരവോടെ ടാറ്റയുടെ മേൽക്കൈ ശക്തമായി. 2023 ജനുവരിയിൽ പുറത്തിറങ്ങിയ ടിയാഗോ ഇ.വി നക്സണിനെ പോലും മറികടന്ന് 35,000 യൂണിറ്റുകൾ വിറ്റഴിച്ചു. അതേ വർഷം എം.ജി കൊമെറ്റ് ഇ.വി, സിട്രൺ ഇസി3, മഹീന്ദ്ര എക്‌സ്‌യുവി400, ബിവൈഡി ആറ്റോ-3 തുടങ്ങിയ വാഹനങ്ങളും ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു.

കഴിഞ്ഞ വർഷം രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപന ആദ്യമായി ഒരു ലക്ഷം യൂണിറ്റ് കടന്നു. 22,724 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ പഞ്ച് ഇ.വി അന്നത്തെ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. എന്നാൽ ഈ വർഷം എം.ജി വിൻഡ്സർ ഇ.വിയുടെ മുന്നേറ്റം ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.