News

ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരം

By webdesk17

November 08, 2025

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍, അന്താരാഷ്ട്ര ട്വന്റി20യില്‍ 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ബുംറ മാറും.

അതോടെ, ടെസ്റ്റ്, ഏകദിനം, ട്വന്റി20 ഈ മൂന്ന് ഫോര്‍മാറ്റുകളിലുമായി 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന അഭിമാന നേട്ടവും അദ്ദേഹത്തിനാകും.

79 ട്വന്റി20 മത്സരങ്ങളില്‍ ബുംറയ്ക്ക് നിലവില്‍ 99 വിക്കറ്റുകളാണ്. പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ശനിയാഴ്ച ഉച്ചക്ക് 1.45ന് ആരംഭിക്കുന്ന അഞ്ചാം മത്സരത്തിലാണ് ബുംറയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനുള്ള അവസരം.

ഇതുവരെ അര്‍ഷ്ദീപ് സിങ് (67 മത്സരങ്ങളില്‍ 105 വിക്കറ്റ്) മാത്രമാണ് ട്വന്റി20യില്‍ 100 വിക്കറ്റ് പിന്നിട്ട മറ്റൊരു ഇന്ത്യന്‍ ബൗളര്‍.

ആഗോളതലത്തില്‍ അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ 182 വിക്കറ്റുകളുമായി പട്ടികയില്‍ ഒന്നാമനാണ്. ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ (98)യും യുസ്വേന്ദ്ര ചഹല്‍ (96) ഉം ബുംറയ്ക്ക് പിന്നാലെയാണ്.

ടെസ്റ്റില്‍ ബുംറ 50 മത്സരങ്ങളില്‍ 226 വിക്കറ്റും, ഏകദിനത്തില്‍ 86 മത്സരങ്ങളില്‍ 149 വിക്കറ്റും നേടിയിട്ടുണ്ട്. ഇനി ട്വന്റി20 വിക്കറ്റുകള്‍ മൂന്നക്കത്തിലെത്തുമ്പോള്‍, ബുംറ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കും.