kerala

മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിന് യാത്രക്കിടെ തീപിടിച്ചു

By webdesk17

December 31, 2025

മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കിടെ തീപിടിത്തം. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഇന്നലെ രാത്രി ഒമ്പതോടെയാണ് സൂപ്പര്‍ ഡീലക്‌സ് ബസ് മലപ്പുറം ഡിപ്പോയില്‍നിന്നും ഗവിയിലേക്ക് പുറപ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ട്രിപ്പായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.45ഓടെ കോട്ടയം മണിമല ജങ്ഷന്‍ കഴിഞ്ഞ് മൂന്നു കിലോമീറ്ററിന് ശേഷം പഴയിടത്തിനു സമീപത്തെത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്.

ബസില്‍നിന്നും പുക ഉയരുന്നതാണ് ആദ്യം കണ്ടത്. മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ സംഭവം അറിയിക്കുകയായിരുന്നു. ഉടന്‍ ബസ് ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ബസ് പൂര്‍ണമായും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളിയില്‍നിന്നും അഗ്‌നിശമന സേന സ്ഥലത്തെത്തിയിരുന്നു.

തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊന്‍കുന്നം ഡിപ്പോയില്‍നിന്ന് പകരം ബസ് എത്തിച്ച് യാത്രക്കാരെ കയറ്റിവിട്ടു.