മുംബൈ: മഹാരാഷ്ട്രയില്‍ ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തിനിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍. നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയാണ് ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കൊപ്പം രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരേയും കസ്റ്റഡിയിലെടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് എന്നാണ് സൂചന. യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല.
ക്രിസ്മസ് പ്രാര്‍ഥനാ യോഗത്തില്‍ പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവര്‍ പങ്കെടുക്കാന്‍ പോയത്. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനായ ഫാദര്‍ സുധീര്‍ തിരുവനന്തപുരം അമരവിള സ്വദേശിയാണ്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുന്നതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞിരുന്നു.
ആക്രമണങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമെന്ന് സിഎസ്ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനും പ്രതികരിച്ചു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമങ്ങള്‍ ഉടന്‍ നിര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യണമെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യ മാനദണ്ഡങ്ങളെക്കുറിച്ചും പൊലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും പരിശീലനം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ കോഡിനേറ്റര്‍ എ.സി മിഖേയലാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്.