kerala

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

By webdesk18

November 25, 2025

ബംഗളൂരു: വാടക മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് പരിശോധിക്കുന്നു. 21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബി.ബി.എം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിശ്രീ.

മുറി വാടകയ്ക്കെടുത്തത് മാനസ എന്ന സ്ത്രീയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം വര്‍ധന്‍ എന്ന യുവാവിനെതിരെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രാവിലെ 9.30 മുതല്‍ ദേവിശ്രീയും പ്രേമും ഒരുമിച്ച് മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി 8.30ഓടെ മുറി പുറത്തുനിന്ന് പൂട്ടി പ്രേം രക്ഷപ്പെട്ടതായി വിവരമുണ്ട്.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയന്ത് ടി (23)യാണ് മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.