കൊല്‍ക്കത്ത: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെസ്സി വളരെ കുറച്ചുസമയം മാത്രമേ പങ്കെടുത്തുള്ളൂ എന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.
മോഹന്‍ ബഗാന്‍-ഡയമണ്ട് ഹാര്‍ബര്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ആരാധകരെ അഭിസംബോധന ചെയ്യാതെയും ഫുട്ബോള്‍ കളിക്കാതെയും അദ്ദേഹം ഏകദേശം 10 മിനിറ്റ് മാത്രം വേദിയില്‍ ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ‘കൊല്‍ക്കത്തയ്ക്ക് ഇന്ന് കറുത്ത ദിനമാണ’ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.
‘മുഴുവന്‍ ഗതാഗതക്കുരുക്കായിരുന്നു, മാനേജ്മെന്റ് വളരെ മോശമായിരുന്നു. ഇവിടെ ഉള്ള എല്ലാവര്‍ക്കും ഫുട്ബോളിനോട് സ്നേഹമുണ്ട്. ഞങ്ങള്‍ മെസ്സിയെ കാണാന്‍ മാത്രമാണ് വന്നത്. പക്ഷേ ഇത് വലിയൊരു തട്ടിപ്പായി മാറി. പണം തിരികെ വേണം. മന്ത്രിമാര്‍ അവരുടെ കുട്ടികളുമായി മുന്‍നിരയില്‍ ഉണ്ടായിരുന്നു, സാധാരണ ആരാധകര്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല.
ഞങ്ങള്‍ വളരെ ദുഃഖിതരാണ്,’ ഒരു ആരാധകന്‍ പറഞ്ഞു. മറ്റൊരു ആരാധകന്‍ ദേഷ്യത്തോടെ പ്രതികരിച്ചു, ‘ഒരു ഗ്ലാസ് തണുത്ത പാനീയത്തിന് പോലും 150-200 രൂപയാണ് വില. എന്നിട്ടും കുടിക്കാന്‍ വെള്ളം പോലും ലഭിച്ചില്ല. ടിക്കറ്റിനായി ഞാന്‍ 5,000 രൂപ നല്‍കി. ഒരു മാസത്തെ ശമ്പളം ചെലവഴിച്ചാണ് ആളുകള്‍ വന്നത്. മെസ്സിയെ കാണാനാണ് ഞങ്ങള്‍ വന്നത്, രാഷ്ട്രീയക്കാരെ കാണാനല്ല. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സെല്‍ഫിയെടുക്കുകയായിരുന്നു.
ഇതിന് മുഴുവന്‍ ഉത്തരവാദിത്തം മാനേജ്മെന്റിനാണ്.’ ‘അദ്ദേഹം ഒരു കിക്ക് പോലും എടുത്തില്ല, ഒരു പെനാല്‍റ്റി പോലും എടുത്തില്ല. ഷാരൂഖ് ഖാനെയും എത്തിക്കുമെന്ന് പറഞ്ഞു, ആരെയും കൊണ്ടുവന്നില്ല. വെറും 10 മിനിറ്റ് വന്ന് പോയി. ഇത്രയും പണവും സമയവും നഷ്ടമായി,’ മറ്റൊരു ആരാധകനും പ്രതികരിച്ചു. മെസ്സിയെ ചുറ്റിപ്പറ്റി സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കളും മന്ത്രിമാരും നിലയുറപ്പിച്ചതോടെ, ആരാധകര്‍ പലതവണ അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ത്തുവിളിച്ചെങ്കിലും അത് അംഗീകരിച്ചില്ല.
സംഘാടകനായ സതാദ്രു ദത്തയും ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ ഒപ്പമുണ്ടായിരുന്നു. ആളുകളുടെ തിരക്കിനെ തുടര്‍ന്ന് പ്രസ് ബോക്സില്‍ നിന്നുപോലും മെസ്സിയെ വ്യക്തമായി കാണാനായില്ലെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മെസ്സി ഗ്രൗണ്ട് വിട്ടതോടെ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലേക്ക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എറിയുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.