News

ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ലണ്ടനില്‍ നീക്കം;വര്‍ഷം നൂറുകോടികളുടെ അധിക വരുമാനം ലക്ഷ്യം

By webdesk17

November 25, 2025

ലണ്ടനില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ടാക്‌സ് ചുമത്താനുള്ള നീക്കങ്ങള്‍ ശക്തമാകുകയാണ്. ഇംഗ്ലിഷ് ഡെവല്യൂഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബില്‍ പാര്‍ലമെന്റില്‍ പാസാകുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഈ നികുതി നടപ്പാക്കാനാണ് മേയര്‍ സാദിഖ് ഖാന്റെ ശ്രമം. നികുതി നടപ്പിലാക്കിയാല്‍ ലണ്ടന്‍ കൗണ്‍സിലിന് പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ല്‍ മാത്രം 89 ദശലക്ഷം സഞ്ചാരികള്‍ ലണ്ടനില്‍ താമസിച്ച് മടങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഒരു ചെറിയ താമസ ചെലവ് ചുമത്തിയാല്‍ വന്‍തുക സമാഹരിക്കാനാകുമെന്നതാണ് നഗരസഭയുടെ നിലപാട്. ലോകത്തെ സമ്പന്ന രാജ്യങ്ങളടങ്ങുന്ന പട്ടികയില്‍ ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താത്ത ഏക രാജ്യം ഇപ്പോള്‍ ബ്രിട്ടനാണ്. എന്നാല്‍ പാരിസ്, മ്യൂണിക്, മിലാന്‍, ടൊറന്‌റോ, ന്യൂയോര്‍ക്ക്, ടോക്കിയോ തുടങ്ങിയ പ്രധാന സിറ്റി കേന്ദ്രങ്ങളില്‍ രാത്രി താമസിക്കുന്ന സഞ്ചാരികള്‍ക്ക് വര്‍ഷങ്ങളായി പ്രത്യേക ലെവി ചുമത്തുന്നു. ന്യൂയോര്‍ക്കില്‍ ഒരു സന്ദര്‍ശകന്‍ ഒരു ദിവസം താമസിക്കുമ്പോള്‍ നല്‍കേണ്ട ലെവി 14.86 പൗണ്ട് ആണ്. ഇതിലൂടെ നഗരത്തിന് 493 മില്യന്‍ പൗണ്ട് വരെ വരുമാനം ലഭിക്കുന്നു. ടോക്കിയോയിലും എല്ലാ ബുക്കിംഗുകള്‍ക്കും ഫ്‌ളാറ്റ്‌റെറ്റ് നികുതി നിലവിലുണ്ട്. അതേസമയം ഫ്രാന്‍സിലും ഇറ്റലിയിലും ലൊക്കേഷന്‍, താമസസ്ഥലത്തിന്റെ ഗ്രേഡിംഗ് എന്നിവയെ ആശ്രയിച്ച് നികുതി നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. ലണ്ടനില്‍ ഏത് മാതൃകയില്‍ ടാക്‌സ് രൂപപ്പെടുത്തണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷമേ നികുതി ഘടന നിശ്ചയിക്കുകയുള്ളു. ദേശീയതലത്തില്‍ സ്റ്റാര്‍റേറ്റിംഗ് സിസ്റ്റം ഇല്ലാത്തത് ലണ്ടന്‍ നികുതി നിര്‍ണ്ണയത്തില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. 2017 ഗ്രേറ്റര്‍ ലണ്ടന്‍ അതോറിറ്റി നടത്തിയ പഠനത്തില്‍, ഒരു പൗണ്ട് ലെവി ഏര്‍പ്പെടുത്തുകയാണെങ്കില്‍ വര്‍ഷം 91 മില്യന്‍ പൗണ്ട്, 5%ലെവി ഏര്‍പ്പെടുത്തിയാല്‍ 240 മില്യന്‍ പൗണ്ട് വരുമാനം സമാഹരിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സഞ്ചാരികളുടെ എണ്ണം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ വരുമാനം ഇതിലേറെയാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വെയില്‍സും സ്‌കോട്ട്‌ലന്‍ഡും അടുത്തിടെ ടൂറിസ്റ്റുകള്‍ക്ക് രാത്രി താമസത്തിനുള്ള പ്രത്യേക ലെവി നടപ്പാക്കിയതും ലണ്ടനിലെ നടപടികള്‍ക്ക് കൂടുതല്‍ വേഗം നല്‍കുന്നുണ്ട്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കൗണ്‍സില്‍ ധനസുരക്ഷ ഉറപ്പാക്കുന്നതിനും ടൂറിസ്റ്റ് ടാക്‌സ് വലിയ സഹായമാകുമെന്നാണ് നഗരാഭിപ്രായം.