കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് ആണ് മരിച്ചത്.
ചെറുകാവ് പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയായിരുന്നു സംഭവം.
സ്‌കൂട്ടറില്‍ കൊണ്ടുപോയിരുന്ന പടക്കങ്ങള്‍ ആഘോഷ റാലിയിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്ത് പൊട്ടിയ പടക്കത്തില്‍ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലുണ്ടായിരുന്ന പടക്കശേഖരത്തിലേക്ക് വീണതോടെ അവ ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇര്‍ഷാദിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.