ആലപ്പുഴ: ഭാര്യയ്ക്ക് സന്ദേശം അയച്ചെന്ന ആരോപണത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റികകൊണ്ട് ആക്രമിച്ചു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് കൊമ്മാടി ടൗണിൽ സംഭവം നടന്നത്. ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് അയൽവാസി സന്ദേശം അയച്ചതായി കണ്ടതിനെ തുടർന്നാണ് ഭർത്താവ് ആക്രമണം നടത്തിയതെന്നാണ് വിവരം.
‘നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’ എന്ന സന്ദേശം കണ്ടതിനെ തുടർന്നാണ് പ്രകോപിതനായ ഭർത്താവ് യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.