kerala

അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞു; തെരുവ്‌നായകള്‍ കടിച്ചു വലിച്ചു

By webdesk13

July 18, 2023

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ്‌നായ കടിച്ചു വലിച്ചു. ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പിന്‍വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല.

ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട്ഇടുകയും അവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികള്‍ തിരിച്ചറിയുന്നത്.

ഉടന്‍ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയും പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.