കാസര്‍കോട്: പരീക്ഷ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രജ്വല്‍ (14) ആണ് മരിച്ചത്. ബെള്ളൂര്‍ നെറ്റണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര-അനിത ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് സംഭവം നടന്നത്. മാതാവ് അനിത മുള്ളേരിയ സ്‌കൂളില്‍ പഠിക്കുന്ന മകളെ കൂട്ടാന്‍ പോയ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
തിരിച്ചെത്തിയപ്പോഴാണ് പ്രജ്വലിനെ കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പ്രജ്വല്‍ അമ്മയുടെ വീട്ടില്‍ പോയിരുന്നു. തിങ്കളാഴ്ച അവിടെ നിന്നാണ് പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷമാണെന്ന് കരുതി 11 മണിയോടെയാണ് സ്‌കൂളിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സമയം കഴിഞ്ഞിട്ടും പരീക്ഷ എഴുതാന്‍ അധ്യാപകര്‍ അനുവദിച്ചതായും പൊലീസ് പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പ്രജ്വലിന് പ്രത്യേകമായ മാനസിക പ്രശ്‌നങ്ങളോ സമ്മര്‍ദ്ദങ്ങളോ ഉണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കും അറിവില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നവര്‍ വിദഗ്ധരുടെ സഹായം തേടുക. ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍: 1056, 04712552056.