india

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

By webdesk18

June 30, 2025

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. യു.പി സോന്‍ഭദ്ര ജില്ലയിലെ ദുദ്ധിയിലാണ് സംഭവം. ഒന്നര വയസുകാരി പ്രിയയാണ് അപകടത്തില്‍ മരിച്ചത്. രണ്ടു വര്‍ഷം മുമ്പ് കുട്ടിയുടെ സഹോദരി സമാനമായ രീതിയില്‍ പരിപ്പ് വേവിച്ച് കൊണ്ടിരുന്ന പാത്രത്തില്‍ വീണ് മരിച്ചിരുന്നു.

തെരുവുകച്ചവടക്കാരനാണ് കുട്ടിയുടെ പിതാവ്. പാനീപൂരി ഉണ്ടാക്കുന്നതിനായി വീട്ടില്‍ കുട്ടിയുടെ അമ്മ കടല വേവിക്കുന്നതിനിടയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി പാത്രത്തില്‍ വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ അമ്മ പാത്രത്തില്‍ വീണ കുട്ടിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കുട്ടിയുടെ മരണ വിവരം പൊലീസില്‍ അറിയിക്കാതെ കുടുംബം സംസ്‌കാരം നടത്തിയതായി ദുദ്ധി സി.ഐ പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനക്കായി പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും സംസ്‌കാരം കഴിഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഇത് ഒരു അപകട മരണമാണെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു.