News

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ കാത്തുനിന്ന രോഗിയുടെ തലയില്‍ പ്ലാവില്‍ നിന്നു ചക്ക വീണ് ഗുരുതര പരിക്ക്

By Manya

February 26, 2026

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ് അപകടം. ഓമല്ലൂര്‍ സ്വദേശിയായ എന്‍. ഗംഗാധരന്‍ നായര്‍ക്കാണ് പരിക്കേറ്റത്. അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്.

മറ്റൊരു അസുഖത്തിന് ചികിത്സ തേടിയാണ് ഗംഗാധരന്‍ നായര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങുന്നതിനായി കൗണ്ടറില്‍ വരിയില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചക്ക തലയില്‍ വീണതോടെ ഇയാള്‍ ബോധരഹിതനായി.

സംഭവത്തില്‍ ഗംഗാധരന്‍ നായരുടെ തലയ്ക്കും കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.