തിരുവനന്തപുരം: വീടിന് മുന്നിലെ തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുകള്‍ക്ക് മുന്നില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് മോഷണം നടത്തിയ സംഭവങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മോഷണ സംഘത്തിന്റെ നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നേമം പ്രദേശത്തെ ഇടറോഡുകളിലെ തൂണുകളിലാണ് ചുവപ്പ് അടയാളങ്ങള്‍ വ്യാപകമായി കണ്ടത്.
സംശയം തോന്നിയ നാട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഖംമൂടിയണിഞ്ഞ ഒരു സംഘം തൂണുകളില്‍ ചുവപ്പ് അടയാളങ്ങള്‍ വരയ്ക്കുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്. ഇതോടെയാണ് ആശങ്ക വര്‍ധിക്കുകയും നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം, മോഷ്ടാക്കള്‍ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതാകാമെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ താമസിയാതെ സംഭവത്തില്‍ വഴിത്തിരിവുണ്ടായി. വട്ടത്തില്‍ ചുവപ്പ് അടയാളമിട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ നേമം പൊലീസിന് മുന്നില്‍ ഹാജരായി. ഇവര്‍ നല്‍കിയ വിശദീകരണമാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയുടെ ഫൈബര്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയ കണക്ഷന്‍ നല്‍കുന്നതിനായി വീടുകള്‍ അടയാളപ്പെടുത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി. സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് അടയാളങ്ങള്‍ വരച്ചതെന്നും, അതിനാലാണ് മുഖം മൂടിയതെന്നും ഇവര്‍ പൊലീസിനോട് വിശദീകരിച്ചു.
നാട്ടുകാര്‍ ആശങ്കയിലാണെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ നേരിട്ട് പൊലീസിന് മുന്നിലെത്തി വിശദീകരണം നല്‍കിയതെന്നും പൊലീസ് അറിയിച്ചു. ലഭിച്ച വിവരം ഉടന്‍ നാട്ടുകാരെ അറിയിച്ചതോടെ പ്രദേശത്തെ ആശങ്കകള്‍ക്ക് അവസാനമായി.