main stories

ഹൃദയം കൊണ്ടൊരു അധികാരാരോഹണം

By vismaya

May 19, 2026

കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ജനകീയ അധികാരാരോഹണത്തിനാണ് ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ജനകീയ ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളത്രയും നിറഞ്ഞാടിയ പ്രൗഢ സദസ്സിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി വി.ഡി സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത്. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നതെന്ന ജനാധിപത്യത്തിന്റെ ആപ്തവാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സാധൂകരിക്കുകയായിരുന്നു അലകടല്‍പോലെ ആഞ്ഞുവീശിയെത്തിയ ജനക്കൂട്ടം. ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് ശേഷം കൈവന്ന സൗഭാഗ്യത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അത്യാഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ച്ചയായിരുന്നു അത്യുത്തര കേരളം മുതല്‍ അനന്തപത്മനാഭന്റെ മണ്ണുവരെ പ്രകടമായത്.

ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍ക്ക് നേരിട്ടു സാക്ഷിയാകാന്‍ കഴിയാത്തവര്‍ നാടും നഗരവും ആഘോഷത്തിമര്‍പ്പിലാക്കിമാറ്റി. അത്യപൂര്‍വതകള്‍ക്ക് സാക്ഷ്യംവഹിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഈ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന വിസ്മയങ്ങളുടെ പ്രാരംഭമായി മാറുകയായിരുന്നു. സാങ്കേതികത്വങ്ങളുടെ പരിമിതികള്‍ മറികടന്നുകൊണ്ട്, ഭരണപക്ഷത്തിന്റെ സമുന്നത സാരഥികള്‍ക്കൊപ്പം പ്രതിപക്ഷത്തെ പ്രമുഖരെയും വേദിയില്‍ ഇരുത്തിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി, പ്രൊഫ. ഖാദര്‍ മൊയ്തീന്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരോടൊപ്പം പ്രതിപക്ഷനേതാവ് പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്കും വേദിയില്‍ തന്നെയായിരുന്നു ഇരിപ്പിടം.

നല്‍കിയ വാഗ്ദാനങ്ങളും എടുത്ത നിലപാടുകളുമാണ് യു.ഡി.എഫിനെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചത്. അതൊന്നും വെറുംവാക്കുകളോ വൃഥാ വാഗ്ദാനങ്ങളോ അല്ലെന്നുളള പ്രഖ്യാപനം അധികാരത്തിലേറിയ ദിവസംതന്നെയുണ്ടായിരിക്കുകയാണ്. ഇന്ദിരാഗ്യാരണ്ടിയില്‍ രണ്ടെണ്ണം നടപ്പാക്കാനുള്ള തീരുമാനമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ എടുത്തിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 3000 വര്‍ധിപ്പിച്ചതും ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതുമാണ് ആ തീരുമാനങ്ങള്‍. വൃദ്ധജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്താന്‍ ഇന്ത്യയില്‍ ആദ്യമായി വയോജന വകുപ്പ് രൂപീകരിക്കും, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പാചക തൊഴിലാളികള്‍ക്കും 1000 രൂപ വീതം വേതനം വര്‍ദ്ധിപ്പിക്കും, പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനവും 1000 രൂപ വര്‍ധിപ്പിക്കും തുടങ്ങിയ തീരുമാനങ്ങളും പ്രഥമ മന്ത്രിസഭ എടുത്തിരിക്കുകയാണ്.

പാവങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും ശത്രുക്കളായിപ്രഖ്യപിച്ച ഇടതു സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെയെല്ലാം ന്യായമായ ആവശ്യങ്ങളോട് പ്രതികാരബുദ്ധിയോടെയാണ് സമീപിച്ചിരുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ പൊരിവെയിലില്‍, പെരുമഴയില്‍ വേതനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്ത ആശാ പ്രവര്‍ത്തകരോട് സമരം അവസാനിപ്പിച്ച് എത്രയും വേഗം മടങ്ങണമെന്നായിരുന്നു അന്നത്തെ സര്‍ക്കാറിന്റെ ആജ്ഞ. എന്നാല്‍ അന്ന് സമരപ്പന്തലിലെത്തിയ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും അവര്‍ക്ക് നല്‍കിയ വാഗ്ദാനം യു.ഡി.എഫ് വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നിങ്ങളുടെ കാര്യം പരിഗണിക്കുമെന്നായിരുന്നു. ആ വാക്കാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

ഇന്നലെ ദര്‍ശിക്കാനായ കരുതലിന്റെയും സ്‌നേഹത്തിന്റെയും ചില സമ്മോഹന മുഹൂര്‍ത്തങ്ങള്‍ ഈ സര്‍ക്കാറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് അടിവരയിടുന്നതായിരുന്നു. ആരോരുമില്ലാത്ത തന്നെ ചേര്‍ത്തുപിടിച്ച വി.ഡി. സതീശനെ സ്വന്തം മകനായി കാണുന്ന അമ്മാളു അമ്മ എന്ന വയോധിക ഔദ്യോഗിക ചടങ്ങുകള്‍ക്കിടയിലും വേദിയിലേക്ക് കടന്നുവന്നഹൃദയസ്പര്‍ശിയായ നിമിഷമായിരുന്നു അതിലൊന്ന്. പ്രോട്ടോക്കോള്‍ തടസങ്ങളില്ലാതെ വേദിയിലെത്തി വി.ഡി. സതീശനെ കെട്ടിപ്പിടിച്ച ആ അമ്മയുടെ ദൃശ്യം ഭരണാധികാരിയും ഭരണകൂടവും ജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതിന്റെ പ്രതിഫലനമായിരുന്നു. പാലക്കാട് പല്ലനശ സ്വദേശിനിയും ഒമ്പതു വയസുകാരിയുമായ വിനോദിനി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത് തന്റെ കൃത്രിമ കൈക്കൊണ്ട് മുഖ്യമന്ത്രിക്കൊരു പൂച്ചെണ്ട് നല്‍കാനായിരുന്നു. ആ കൈനല്‍കിയ വി.ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നന്ദിയുടെ ഒരു പൂച്ചെണ്ട് നല്‍കാതിരിക്കാന്‍ വിനോദിനിക്ക് കഴിയുമായിരുന്നില്ല.

അതുകൊണ്ടാണ് ഈ ജനത്തിരക്കിനിടയിലും അവളും കുടുംബവും പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അധികാരത്തിലെത്തിയാല്‍ പഴയതൊന്നും മറക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ലെന്ന പഴയ പ്രഖ്യാപനവും വൃഥാവിലല്ലെന്ന സൂചനയും ഈ മന്ത്രിസഭ നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. അധികാരപ്രമത്തതയാല്‍ മുന്‍ സര്‍ക്കാര്‍ കാണിച്ചിട്ടുള്ള അനീതികളെ ഒന്നൊന്നായി വിചാരണ ചെയ്യാന്‍ തുടക്കമിട്ടിരിക്കുന്നു. 2023 ല്‍ നവകേരള യാത്രയ്ക്കിടെഅന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങിലെ അഭൂതപൂര്‍വമായ ജനപ്രവാഹം ഈ സര്‍ക്കാറിലുള്ള ജനങ്ങളുടെ പ്രതീക്ഷയായിരുന്നെങ്കില്‍ അതിന് നിറംപകരുന്ന തീരുമാനങ്ങളാണ് പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഉണ്ടായിരിക്കുന്നത്.