മലപ്പുറം: എടക്കര പെരുങ്കുളത്ത് റബര്‍ തോട്ടത്തില്‍ തീപിടിത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തീ പടര്‍ന്നതോടെ ഏകദേശം ഒന്നര ഏക്കര്‍ പ്രദേശത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. റബര്‍ തോട്ടത്തിന് സമീപം അഞ്ച് കുടുംബങ്ങള്‍ വീടുനിര്‍മാണത്തിനായി വാങ്ങിയ സ്ഥലത്തേക്കും തീ വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ കാറ്റും കടുത്ത ചൂടും തീ അണയ്ക്കുന്നതിന് തടസമായി.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് എടക്കര ഇന്‍സ്‌പെക്ടര്‍ വി.കെ. കമറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ട്രോമ കെയര്‍ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. നിലമ്പൂരില്‍ നിന്ന് ഫയര്‍ ഓഫീസര്‍ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനയും സ്ഥലത്തെത്തി. എന്നാല്‍ അഗ്‌നിശമന സേന എത്തുന്നതിന് മുന്‍പ് തന്നെ എടക്കര പൊലീസ്, ട്രോമ കെയര്‍ അംഗങ്ങള്‍, ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.