കെ. സൈനുല്‍ ആബിദീന്‍
വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി
ചില മനുഷ്യരുണ്ട്, അവര്‍ ജീവിച്ചുതീര്‍ത്ത വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു വലിയ ആല്‍മരത്തിന്റെ തണലാണ് ഓര്‍മ വരിക. രാഷ്ട്രീയത്തിന്റെ കൊടുംവെയിലിലും സ്‌നേഹത്തിന്റെ കുളിര് പകര്‍ന്ന, കറപുരളാത്ത പൊതുപ്രവര്‍ത്തനത്തിന്റെ നേര്‍വഴികളിലൂടെ നടന്ന കെ.കെ. മുഹമ്മദ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കെ.കെ അങ്ങനെയൊരാളായിരുന്നു. മലബാറിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ചന്ദ്രിക ദിനപത്രത്തിന്റെ അമരക്കാരനായി പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ആ വ്യക്തിത്വത്തിന്റെ വിയോഗം ഇപ്പോഴും ഒരു വിങ്ങലായി മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.
പിതൃതുല്യനായ ജ്യേഷ്ഠന്‍ എന്റെ വളരെ ചെറിയ പ്രായത്തിലാണ്, ഒരുപക്ഷേ എനിക്ക് ഒന്നോ രണ്ടോ വയസ്സുള്ളപ്പോഴാണ് കെ.കെ എന്റെ മൂത്ത പെങ്ങളായ സൈനബയെ കല്യാണം കഴിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ ആറ് സഹോദരന്മാരിലും രണ്ട് സഹോദരിമാരിലും മൂത്തവളായിരുന്നു സൈനബ. അതുകൊണ്ടുതന്നെ ഓര്‍മവെച്ച കാലം തൊട്ടേ എനിക്ക് കെ.കെ ഒരു അളിയന്‍ മാത്രമായിരുന്നില്ല, പിതൃതുല്യനായ ഒരു വലിയ ജ്യേഷ്ഠനായിരുന്നു. ഒരു പിതാവിന്റെ സ്ഥാനത്തുനിന്നാണ് അദ്ദേഹം എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നതും വഴികാട്ടിയതും.
ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് കെ.കെ എന്ന പത്രപ്രവര്‍ത്തകനെയും ലീഗ് നേതാവിനെയും ഞാന്‍ ശരിക്കും മനസ്സിലാക്കാന്‍ തുടങ്ങുന്നത്. അക്കാലത്തൊക്കെയും അദ്ദേഹം വലിയ തിരക്കുകളിലായിരുന്നു. പത്രപ്രവര്‍ത്തനവും യൂത്ത് ലീഗിന്റെ സംഘടനാ ചുമതലകളുമൊക്കെയായി എപ്പോഴും ഓട്ടത്തിലായിരിക്കും. എങ്കിലും, വീട്ടിലെത്തിയാല്‍ ആ തിരക്കുകളെയെല്ലാം അദ്ദേഹം പടിക്കല്‍ മാറ്റിവെക്കും. ഞങ്ങളെ വല്ലാതെ സ്‌നേഹിക്കുകയും കാര്യങ്ങളൊക്കെ ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. കുട്ടികളായ ഞങ്ങളെയും കൂട്ടി പുറത്തുപോകാനൊക്കെ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകന്‍ നിസാറും ഞാനും തമ്മില്‍ വലിയ പ്രായവ്യത്യാസമില്ലാത്തതിനാല്‍, ഞങ്ങളെയെല്ലാം ഒരേപോലെ കണ്ടാണ് അദ്ദേഹം വളര്‍ത്തിയത്. എന്നാല്‍, ഈ സ്‌നേഹപ്രകടനങ്ങള്‍ക്കും കളികള്‍ക്കുമിടയിലും ബാങ്ക് വിളി കേട്ടാല്‍ അദ്ദേഹം മറ്റെല്ലാം മാറ്റിവെക്കും. ഉടന്‍ തന്നെ നിസ്‌കാരത്തിലേക്കുള്ള ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുകയും പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുമായിരുന്നു.
കൃത്യനിഷ്ഠയുടെയും നിസ്‌കാരത്തിന്റെയും ജീവിതം നിസ്‌കാരത്തിന്റെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ ആ നിഷ്ഠ ചെറുപ്പം മുതലേ ഞങ്ങള്‍ കണ്ടറിഞ്ഞതാണ്. ജമാഅത്തായി (കൂട്ടമായി) നിസ്‌കരിക്കാനും, പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാനുമുള്ള ആ കണിശത അദ്ദേഹം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു. അതുപോലെതന്നെയായിരുന്നു സമയകൃത്യതയും. അതിരാവിലെ ഉണരുന്ന ശീലമായിരുന്നു കെ.കെയുടേത്. അക്കാലത്ത് പാലക്കാടായിരുന്നു അദ്ദേഹത്തിന്റെ താമസം. അവിടെ അദ്ദേഹത്തിന്റേതായി ‘മാഹി സ്റ്റോര്‍’ എന്നൊരു പ്രശസ്തമായ ഷോപ്പ് തന്നെയുണ്ടായിരുന്നു.
പാലക്കാട് ജില്ലാ ചന്ദ്രികയുടെ ലേഖകനായിട്ടായിരുന്നു കെ.കെയുടെ പത്രപ്രവര്‍ത്തന രംഗത്തെ തുടക്കം. പിന്നീട് ഇ.എസ്.എം. ഹനീഫ ഹാജി ജില്ലാ പ്രസിഡന്റായ സമയത്ത് സെക്രട്ടറിയായി ചുമതലയേറ്റു. ആ കാലഘട്ടത്തിലാണ് എ.കെ. ആന്റണി, വി.എം. സുധീരന്‍, വയലാര്‍ രവി, കടന്നപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയ കോണ്‍ഗ്രസിന്റെ വലിയ നേതാക്കളുമായി അദ്ദേഹം അടുത്ത സൗഹൃദം സ്ഥാപിക്കുന്നത്. എ.കെ. ആന്റണി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് കെ.കെയുടെ പെരിങ്ങത്തൂരിലെ വീട്ടില്‍ വരികയും ആ പഴയ സൗഹൃദത്തിന്റെ കഥകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വി.എം. സുധീരനും കെ.കെയുടെ യുവജന പ്രസ്ഥാനങ്ങളുടെ കാലത്തെക്കുറിച്ചും ആ കാലത്തെ ആത്മബന്ധങ്ങളെക്കുറിച്ചും പിന്നീട് പലവട്ടം സംസാരിക്കാറുണ്ടായിരുന്നു. രാഷ്ട്രീയ വൈരുധ്യങ്ങള്‍ക്കപ്പുറം വ്യക്തിബന്ധങ്ങള്‍ക്ക് അവര്‍ എത്രമാത്രം വിലനല്‍കിയിരുന്നു എന്നതിന് തെളിവായിരുന്നു ആ സൗഹൃദങ്ങളെല്ലാം.
പ്രതിസന്ധികളിലും തളരാത്ത ചുവടുകള്‍
എന്റെ ഓര്‍മയില്‍, 1976-ല്‍ എന്റെ വാപ്പ മരിച്ചതിനുശേഷമുള്ള ജീവിതത്തില്‍ കെ.കെയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമായിരുന്നു എന്റെ കാര്യങ്ങളിലുമുള്ള വഴികാട്ടി. അദ്ദേഹത്തെ കണ്ടും പഠിച്ചും ജീവിക്കുക എന്നത് വലിയൊരു അനുഭവമായിരുന്നു. കാരണം, ജീവിതത്തില്‍ ഒന്നിനോടും ഒത്തുതീര്‍പ്പുകള്‍ക്ക് തയാറാകാത്ത ഒരു തനത് ശൈലി കെ.കെ സൂക്ഷിച്ചു.
പിന്നീട് പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റുകയും ചന്ദ്രികയുടെ റസിഡന്റ് എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു. ബാഫഖി തങ്ങളുടെ നിർബന്ധപ്രകാരം ആയിരുന്നു ഈ ദൗത്യം. സംഘടനയുടെയും പത്രത്തിന്റെയും തിരക്കുകള്‍ക്കിടയില്‍ സ്വന്തം ബിസിനസ്സ് നോക്കാന്‍ കഴിയാതെ വരികയും ഒടുവില്‍ അത് പൂട്ടിപ്പോകുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. എങ്കിലും ചന്ദ്രികയെയും പ്രസ്ഥാനത്തെയും നെഞ്ചേറ്റിയ അദ്ദേഹം അതിലൊന്നും തളര്‍ന്നില്ല. ലീഗ് ഓഫീസും യൂത്ത് ലീഗ് പ്രസിഡന്റ് പദവിയുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ലോകം. മുസ്ലിം ലീഗിലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലത്ത് അദ്ദേഹത്തെ ചന്ദ്രികയിൽ നിന്നും മാറ്റി നിർത്ത.. പിന്നീട് ‘ലീഗ് ടൈംസ്’ ൻ്റെ എഡിറ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഓള്‍ ഇന്ത്യ മുസ്ലിം ലീഗിന്റെ നേതാക്കളില്‍ പ്രമുഖനായി എപ്പോഴും തിരക്കിട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഞങ്ങളുടെ കുടുംബ ആവശ്യങ്ങള്‍ക്കായി പലപ്പോഴും ഗള്‍ഫില്‍ വരുമ്പോഴും പാര്‍ട്ടിയുടെയും സംഘടനകളുടെയും ക്ഷണപ്രകാരമുള്ള പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. യാത്രകളിലും പ്രവാസത്തിലും അദ്ദേഹം പുലര്‍ത്തിയ ചില സൂക്ഷ്മതകളുണ്ട്. എത്ര വലിയ യാത്രയിലാണെങ്കിലും ഒരു വഖ്തുപോലും നിസ്‌കാരം തെറ്റിക്കില്ല. ഒരു ?????കര്‍ത്താവിന്റെ സൂക്ഷ്മതയോടെ അദ്ദേഹം കുടുംബത്തിലെ ഓരോരുത്തരെയും നോക്കിപ്പോന്നു. തികഞ്ഞ രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും മതപരമായ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും അദ്ദേഹം ചെയ്യാറുണ്ടായിരുന്നില്ല.
‘ചന്ദ്രിക’ എന്ന ജീവശ്വാസം കെ.കെയ്ക്ക് ചന്ദ്രിക എന്നത് വെറുമൊരു പത്രമായിരുന്നില്ല, സ്വന്തം ജീവശ്വാസമായിരുന്നു. അത് അദ്ദേഹത്തിന്റെ പ്രസ്ഥാനമായിരുന്നു, കുടുംബമായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വലിയൊരു ബഹളം കേട്ടു. നോക്കുമ്പോള്‍ കുട്ടികള്‍ ചന്ദ്രിക പത്രം നിലത്തുവിരിച്ച് അതിലിരുന്ന് ഭക്ഷണം കഴിക്കുകയാണ്. പത്രത്തിന് നല്‍കേണ്ട ആദരവ് നല്‍കാത്തതിനായിരുന്നു അന്ന് അദ്ദേഹം അത്രയധികം ദേഷ്യപ്പെട്ടത്. ചന്ദ്രിക എന്ന നാമത്തെയും ആ പത്രത്തെയും അദ്ദേഹം അത്രമാത്രം സ്‌നേഹത്തോടെയും വിശുദ്ധിയോടെയുമാണ് കണ്ടിരുന്നത്.
പാണക്കാട് കുടുംബത്തോടും ബാഫഖി തങ്ങളുടെ കുടുംബത്തോടുമൊക്കെ കെ.കെയ്ക്ക് വലിയൊരു ആത്മബന്ധമാണുണ്ടായിരുന്നു. പ്രത്യേകിച്ച്, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ ഒരു അരുമശിഷ്യനായിരുന്നു കെ.കെ. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം മുഴുവന്‍ ബാഫഖി തങ്ങളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു രൂപപ്പെട്ടത്. കെ.കെയ്ക്ക് തങ്ങളോട് ഭയങ്കര മതിപ്പും വലിയ ആദരവുമായിരുന്നു. അതുപോലെ തിരിച്ച് തങ്ങള്‍ക്കും കെ.കെയോട് വലിയ സ്‌നേഹമായിരുന്നു. ബാഫഖി തങ്ങളുമായുള്ള ആ അടുപ്പം ഒന്നുകൂടി എടുത്തു പറയേണ്ടതുതന്നെയാണ്.
അതുപോലെതന്നെ പാണക്കാട് കുടുംബവുമായും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുമായും മറ്റും വല്ലാത്തൊരു അടുപ്പമായിരുന്നു. പാണക്കാട്ടുള്ള വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാ തങ്ങള്‍മാരെയും അദ്ദേഹം വല്ലാതെ ബഹുമാനിക്കുകയും ആ കുടുംബത്തിന്റെ മഹത്വത്തെക്കുറിച്ച് പറഞ്ഞുതരികയും ചെയ്യുമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ മക്കളുമായും ആ വലിയ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. മുസ്ലിം ലീഗിന്റെ ലയനത്തിനുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയെക്കുറിച്ചുമൊക്കെ കെ.കെ എപ്പോഴും വാതോരാതെ പറയുമായിരുന്നു. ചന്ദ്രികയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കണ്ണൂരിലുമൊക്കെ എഡിഷനുകള്‍ വര്‍ദ്ധിച്ചതും കുഞ്ഞാലിക്കുട്ടി സാഹിബ് പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നതിനുശേഷമുള്ള കാലത്തായിരുന്നു.
സമസ്തയുമായുള്ള ആത്മബന്ധം രാഷ്ട്രീയത്തിന് പുറമെ സമസ്തയുമായും വളരെ അടുത്ത ബന്ധമായിരുന്നു കെ.കെയ്ക്ക് ഉണ്ടായിരുന്നത്. ആദ്യകാലത്തെ സമസ്ത നേതാക്കളായ കുത്ബി മുഹമ്മദ് മുസ്ലിയാര്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ മഹാപണ്ഡിതന്മാരുമായി അദ്ദേഹം അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ശംസുല്‍ ഉലമാ കോളേജില്‍ വരുമ്പോഴൊക്കെ കെ.കെയുടെ ശബ്ദം കേട്ടാല്‍ ‘ഇത് കെ.കെ അല്ലേ’ എന്ന് ചോദിക്കത്തക്ക രീതിയിലുള്ള വലിയൊരു ഹൃദയബന്ധം അവര്‍ തമ്മിലുണ്ടായിരുന്നു. ശംസുല്‍ ഉലമയ്ക്ക് ശേഷം തലശ്ശേരിയിലുള്ള സമസ്തയുടെ പണ്ഡിതന്മാരുമായും സമസ്തയുടെ കീഴിലുള്ള മുന്‍ഹദ് ഫെഡറേഷന്‍ പോലുള്ള സംഘടനകളുടെ ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിരുന്നു. രാഷ്ട്രീയവും ദീനീയുമായ കാര്യങ്ങളെ ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
വിദ്യാഭ്യാസ രംഗത്തെ ജാഗ്രത പത്രപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ചതിനുശേഷവും അല്ലാതെയുമുള്ള കെ.കെയുടെ ജീവിതം വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടിയുള്ളതായിരുന്നു. പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒട്ടനവധി കോളേജുകള്‍, ഹൈസ്‌കൂളുകള്‍, ബി.എഡ്, ടി.ടി.സി സെന്ററുകള്‍, ഓര്‍ഫനേജുകള്‍ എന്നിവയുടെയെല്ലാം മാനേജറായി അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രത എടുത്തുപറയേണ്ടതാണ്.
1997-ല്‍ മലബാറില്‍ പ്ലസ്ടു അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തിന് വെറും 45 പ്ലസ്ടു മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ളവ കൂടി നേടിയെടുക്കണമെന്നുപറഞ്ഞ് മലബാറില്‍ വിദ്യാഭ്യാസ സംരക്ഷണ സമിതി ഉണ്ടാക്കി അതിനുവേണ്ടി പോരാടിയത് കെ.കെയായിരുന്നു. എന്റെ സ്വന്തം നാടായ മത്തിപ്പറമ്പിലും പെരിങ്ങത്തൂരിലുമൊക്കെ ഇന്ന് കാണുന്ന പള്ളികളും മദ്രസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം കെ.കെയുടെ കഠിനാ?്വാനത്തിന്റെ കൈയ്യൊപ്പുള്ളവയാണ്. നാടിന്റെ വികസന കാര്യങ്ങളിലെല്ലാം കെ.കെയുടെ പങ്ക് വളരെ വലുതായിരുന്നു.
ആരോടും വിദ്വേഷം വെച്ചുപുലര്‍ത്താത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ആരെങ്കിലും അദ്ദേഹത്തെ പ്രയാസപ്പെടുത്തിയാല്‍ പോലും, അവരെക്കുറിച്ച് മറ്റുള്ളവര്‍ വന്ന് കുറ്റം പറയുന്നത് കേള്‍ക്കാന്‍ കെ.കെ ഇഷ്ടപ്പെട്ടിരുന്നില്ല.
പദവികളോട് മോഹമില്ലാത്ത നേതാവ് പാലക്കാട്ടുനിന്നും ബാഫഖി തങ്ങളും സി.എച്ചും നിര്‍ബന്ധിച്ചിട്ടാണ് കെ.കെയെ കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. അങ്ങനെ ബാഫഖി തങ്ങള്‍ മുന്‍കൈയെടുത്താണ് അദ്ദേഹത്തെ പ്രഥമ മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിഡന്റാക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ സമകാലികരായിരുന്ന ഇ. അഹമ്മദ് സാഹിബ്, യു.എ. ബീരാന്‍ സാഹിബ്, വി.എം. അബൂബക്കര്‍ സാഹിബ് തുടങ്ങിയ പ്രമുഖരുടെ കാലത്താണ് അദ്ദേഹം യൂത്ത് ലീഗിനെ നയിച്ചത്. മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്നീട് അദ്ദേഹം കോഴിക്കോട്ടേക്ക് മാറുകയായിരുന്നു.
ഒരിക്കല്‍ അദ്ദേഹത്തിന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ അവസരം വന്നു. പെരിങ്ങത്തൂര്‍ ഡിവിഷനില്‍ നിന്നും അദ്ദേഹം മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു. പെരിങ്ങത്തൂരിലെയും ചൊക്ലിയിലെയും പ്രമുഖർ അടങ്ങുന്ന വലിയൊരു ജനക്കൂട്ടം വന്ന് ‘നിങ്ങള്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കരുത്, അടുത്ത നിയമസഭാ സീറ്റിലോ പാര്‍ലമെന്റിലോ മത്സരിക്കേണ്ട ആളാണ്’ എന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ കെ.കെ പറഞ്ഞത്: ‘പാര്‍ട്ടി തീരുമാനിച്ചതാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ. അഹമ്മദ് സാഹിബും എന്നോട് മത്സരിക്കാന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ തീരുമാനമല്ലാതെ എനിക്ക് വേറെ തീരുമാനമില്ല.’ ആ തെരഞ്ഞെടുപ്പില്‍ ചില പ്രാദേശിക കാരണങ്ങളാല്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. എങ്കിലും പദവികളോടോ അധികാരത്തോടോ ഉള്ള മോഹം കൊണ്ടല്ല, പ്രസ്ഥാനത്തോടുള്ള കൂറിനൊപ്പം മാത്രമാണ് അദ്ദേഹം നിലകൊണ്ടത്.
എം.എസ്.എഫിലൂടെ വളര്‍ന്നുവരുന്ന പുതിയ തലമുറയെയും തന്റെ ജൂനിയര്‍മാരെയുമെല്ലാം സ്റ്റേജിന്റെ മുന്നിലിരുത്തി, താന്‍ സ്റ്റേജിന്റെ പിന്നിലിരിക്കാന്‍ കെ.കെ കാണിച്ച ആ വലിയ മനസ്സ് ഇന്നത്തെ രാഷ്ട്രീയ ലോകത്ത് അപൂര്‍വമാണ്. വിനയത്തിന്റെ, കരുതലിന്റെ, പ്രസ്ഥാനത്തോടുള്ള വിശ്വസ്തതയുടെ മാതൃകയായിരുന്നു അദ്ദേഹം. ഗള്‍ഫില്‍ വരുമ്പോള്‍ തമാശയായി അദ്ദേഹം പറയുമായിരുന്നു: ‘എന്റെ കൂടെയുള്ള ജൂനിയേഴ്‌സിന് കിടക്കാന്‍ ബെഡ് കൊടുക്കണം, ഞാന്‍ വേണമെങ്കില്‍ നിലത്ത് കിടന്നോളാം.’ ആ വിനയം അദ്ദേഹത്തിന്റെ ജീവിതചര്യയായിരുന്നു. ‘എന്റെ പൊതുപ്രവര്‍ത്തനം എന്റെ ഇബാദത്തിന്റെ (ആരാധനയുടെ) ഭാഗമാണ്’ എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
ഓര്‍മകളുടെ സുഗന്ധം ഒരു നല്ല കുടുംബനാഥനായി, നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകനായി, നല്ലൊരു നേതാവായി അദ്ദേഹം ഞങ്ങള്‍ക്കിടയില്‍ ജീവിച്ചു. ജീവിതത്തിന്റെ അവസാന നാളുകളില്‍ രോഗബാധിതനായി നാലഞ്ചു മാസത്തോളം അദ്ദേഹം കിടപ്പിലായിരുന്നു. പലപ്പോഴും ബോധമില്ലാത്ത അവസ്ഥയിലായിരുന്നിട്ടുകൂടി, ഞാന്‍ അരികില്‍ ചെന്ന് ‘കുഞ്ഞളിയാ…’ എന്ന് വിളിച്ചാല്‍ അദ്ദേഹം പതുക്കെ കണ്ണുകള്‍ തുറക്കുമായിരുന്നു. ആ വിളി അദ്ദേഹത്തിന്റെ ഉള്ളിലേക്ക് അത്രമേല്‍ പതിഞ്ഞിട്ടുണ്ടായിരുന്നു.