കോഴിക്കോട്: കോഴിക്കോട് കാക്കൂര്‍ രാമല്ലൂരില്‍ ആറുവയസ്സുകാരനായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന്‍ നന്ദ ഹര്‍ഷന്‍ (6) ആണ് കൊല്ലപ്പെട്ടത്. അമ്മ അനു ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതക വിവരം അമ്മ അനു തന്നെയാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് മകനെ കൊലപ്പെടുത്തിയതായി അവള്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബിജീഷ് ജോലിക്ക് പോയ ശേഷമായിരുന്നു കൊലപാതകം. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിരത്തിലെ യു.കെ.ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹര്‍ഷന്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
കെഎസ്എഫ്ഇ ജീവനക്കാരിയായ അനു മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ മുഴുവന്‍ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണ്.