ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ സിക്കന്ദരാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70(2), 103(1) എന്നിവയും പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എം), 6 എന്നിവയും ചുമത്തി പൊലീസ് കേസെടുത്തു. അതേ കെട്ടിടത്തിൽ താമസിക്കുന്ന രാജു, വീരു കാശ്യപ് എന്നിവരാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
ഓപ്പൺ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന സംശയവും അദ്ദേഹം അറിയിച്ചു.
സീനിയർ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്ന് സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് പ്രതികൾ ഉണ്ടെന്ന വിവരം ലഭിച്ചു. പ്രദേശം വളഞ്ഞപ്പോൾ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തെന്നും, കാലിൽ വെടിവെച്ചാണ് ഇവരെ കീഴടക്കിയതെന്നും പൊലീസ് വ്യക്തമാക്കി. വെടിയേറ്റ പ്രതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം പ്രദേശത്ത് ശക്തമായ പ്രതിഷേധത്തിനും വ്യാപകമായ ആശങ്കക്കും കാരണമായിട്ടുണ്ട്. കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.