editorial

പുകയുന്ന പാര്‍ലമെന്റും സ്പീക്കറുടെ റോളും

By Akhila

February 10, 2026

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് കടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് വഴിമാറാന്‍ തുടങ്ങിയിട്ട് നാളേറെയായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ സമാപിക്കുകയെന്ന അപൂര്‍വ ചരിത്രത്തിനും ഇത്തവണ സഭ സാക്ഷിയാകേണ്ടിവന്നു. ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കിക്കൊണ്ട് നന്ദി പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ ‘അക്രമോത്സുകത’ പരിചയാക്കി സ്പീക്കര്‍ ഓം ബിര്‍ള നരേന്ദ്ര മോദിയെ രക്ഷിക്കുകയായിരുന്നു. പക്ഷേ രാജ്യം എല്ലാം കാണുന്നുണ്ടായിരുന്നു എന്ന സത്യം മറച്ചുവെക്കാനാവില്ല. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിലുള്ള ന്യായമായ പ്രതിഷേധമാണ് ലോക്‌സഭയും രാജ്യസഭയും കണ്ടത്. ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകള്‍പോലും ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കുന്നത്.

അതിന്റെ പേരില്‍ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ പരിഹാരം കാണേണ്ട സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്ന കാഴ്ചയാണ് കാണുന്നത്. അഭിപ്രായം പറയാനും സര്‍ക്കാറിന്റെ വീഴ്ചകള്‍ ചുണ്ടിക്കാട്ടാനും അനുവദിക്കാത്ത സാഹചര്യങ്ങളില്‍ പ്രതിപക്ഷത്തിന് സഭാനടപടികള്‍ തടസ്സപ്പെടുത്തുകയല്ലാതെ മാര്‍ഗമില്ല. സഭക്കു പുറത്ത് കൂടിയാലോചനകളിലൂടെ രമ്യമായ പരിഹാരം കണ്ടെത്തുന്ന കീഴ്‌വഴക്കം പോലും ഇല്ലാതാകുകയും പരസ്പര വൈരവും സ്പീക്കറുടെ കാര്യക്ഷമതക്കുറവും വര്‍ധിച്ചുവരുന്നതും ദൗര്‍ഭാഗ്യകരമാണ്. ജനുവരി അവസാനം തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. മുന്‍ കരസേനാ മേധാവി ഉന്നയിച്ച പരാമര്‍ശവും ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ പോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പോലും ചര്‍ച്ചചെയ്യാനും രാജ്യതപര്യം സംരക്ഷിക്കാനുമല്ലെങ്കില്‍ എന്തിനാണ് പാര്‍ലമെന്റ്? ഈ സാഹചര്യത്തിലാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ കക്ഷികള്‍ നീക്കമാരംഭിച്ചത്.

പ്രതിപക്ഷത്തിന്റെ തീരു മാനം കേവലം രാഷ്ട്രീയ നീക്കമല്ല; മറിച്ച്, സഭാധ്യക്ഷന്റെ നിഷ്പക്ഷതയെക്കുറിച്ചും പാര്‍ലമെന്ററി മര്യാദകളെക്കുറിച്ചുമുള്ള ഗൗരവതരമായ ചോദ്യം ചെയ്യലാണ്. ഭരണപക്ഷത്തെ സംരക്ഷിക്കാനും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനും സ്പീക്കര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ജനാധിപത്യ പ്രക്രിയയുടെ സുഗമമായ ഒഴുക്കിന് തടസ്സമാണ്. പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന ആരോപണം സ്പീക്കറുടെ ഇരട്ട നീതിയെക്കുറിച്ചാണ്. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെയുടെ പുസ്തകത്തിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ പരാമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച സ്പീക്കര്‍, അതേസമയം തന്നെ ഗാന്ധി കുടുംബത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുസ്തകഭാഗങ്ങള്‍ വായിക്കാന്‍ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്ക് അനുമതി നല്‍കിയത് സ്പീക്കറുടെ കസേരയുടെ അന്തസ്സിന് ചേര്‍ന്നതല്ല. സഭനിയന്ത്രിച്ചിരുന്ന ടി.ഡി.പി അംഗം വിലക്കിയിട്ടും പ്രസംഗം തുടര്‍ന്ന ദുബെക്കെതിരെ നടപടിയെടുക്കാത്തതും, എന്നാല്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതും ഭരണകൂട താല്‍പര്യ ങ്ങള്‍ക്കനുസരിച്ചുള്ള ഏകപക്ഷീയമായ നീക്കങ്ങളാണെന്ന് വിലയിരുത്തേണ്ടി വരും.

പ്രധാനമന്ത്രിക്ക് പ്രസംഗം റദ്ദാക്കേണ്ടിവന്നതും സഭ നേരത്തെ പിരിഞ്ഞതും പാര്‍ലമെന്റ് ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ്. ‘പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിയെ ഉപദ്രവിച്ചേക്കാം’ എന്ന സ്പീക്കറുടെ വിശദീകരണം അതീവ ഗൗരവമുള്ളതാണ്. എന്നാല്‍ ഈ വാദം വസ്തുതാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സഭയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമായിരിക്കെ, പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ച എം.പിമാരെ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ സ്പീക്കര്‍ കവചമായി നില്‍ക്കുന്നത് അസ്വാഭാവികമാണ്. സഭയില്‍ ഉയരുന്ന ചോദ്യങ്ങളെ നേരിടുന്നതിന് പകരം പ്രധാനമന്ത്രി സ്പീക്കര്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ പരിഹാസം ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്നു.

സ്പീക്കര്‍ എന്നത് ഒരു പാര്‍ട്ടിയുടെ പ്രതിനിധിയല്ല, മറിച്ച് സഭയുടെ മൊത്തം നാഥനാണ്. ഭരണപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിലുപരി, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വകവെച്ചു നല്‍കുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പിനുള്ള ഇടം ഇല്ലാതാകുമ്പോള്‍ സഭ ഒരു ഏകാധിപത്യ വേദിയായി മാറുന്നു. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കുന്നതും അംഗങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതും ഒടുവില്‍ സ്പീക്കര്‍ക്കെതിരെ തന്നെ അവിശ്വാസം പ്രഖ്യാപിക്കേണ്ടിവരുന്നതും ആരോഗ്യകരമായ ലക്ഷണങ്ങളല്ല. സഭയിലെ ചര്‍ച്ചകളും വിയോജിപ്പുകളും സ്വാഭാവികമാണ്. എന്നാല്‍ സഭാധ്യക്ഷന്‍ ഒരു പ്രത്യേക പക്ഷത്തിന് വേണ്ടി ബാരിക്കേഡുകള്‍ തീര്‍ക്കുമ്പോള്‍ അത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചക്കാണ് വഴിതുറക്കുക. ഈ അവിശ്വാസ പ്രമേയം പാര്‍ലമെന്റിലെ സ്പീക്കറുടെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നാവട്ടെ.