ഗള്‍ഫ് മേഖലയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഇറാന്‍, ഇസ്രാഈല്‍ – അമേരിക്ക യുദ്ധത്തിന്റെ കെടുതികള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ലോകത്തെ ആസകലം തുറിച്ചുനോക്കുകയാണ്. യുദ്ധം തുടങ്ങിവെച്ച അമേരിക്കയെയും ആക്രമണങ്ങളുടെ ആസൂത്രകരായ ഇസ്രാഈലിനെയുംവരെ ഈ കെടുതികള്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിതിയാകട്ടേ ഏറ്റവും ഗുരുതരമാണ്. എണ്ണവില കുതിപ്പ്, വാണിജ്യ ഗ്യാസ് ക്ഷാമം, ഓഹരി വിപണി തകര്‍ച്ച, ചരക്കുനീക്കം തടസപ്പെടല്‍ തുടങ്ങി രാജ്യം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാര നടപടികളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, ഭീതിതമായ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണപോലും കേന്ദ്ര സര്‍ക്കാറിനില്ലെന്നതാണ് പാര്‍ലമെന്റിലും മറ്റുമുള്ള പ്രതികരണങ്ങളിലൂടെ ബോധ്യമാകുന്നത്.
രാജ്യത്തെ ആഭ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില പത്ത് ശതമാനം ഉയര്‍ന്ന് ബാരലിന് 80 ഡോളര്‍ കടന്നിരിക്കുകയാണ്. ലോകത്തിന്റെ ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ ഇരുപത് ശതമാനവും നടക്കുന്ന ഹോര്‍മൂസ് ഇടനാഴി ഇറാന്‍ അടച്ചതോടെ ആഗോള തലത്തില്‍ നേരിടുന്ന ചരക്ക് നീക്ക തടസം പെട്രോള്‍ വില ഇന്ത്യയില്‍ ലിറ്ററിന് 150 രൂപ വരെ ഉയര്‍ത്തിയേക്കാമെന്നാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. പെട്രോളിന്റെ വില കൂടിയാല്‍ സ്വാഭാവികമായും അവശ്യസാധനങ്ങളുടെയും വിമാന, ബസ്, ഓട്ടോ സര്‍വീസുകളുടെയെല്ലാം ചാര്‍ജ് വര്‍ദ്ധിക്കാം. ഇത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും ഇടയാക്കും. സഊദിയിലെ അരാംകോ റിഫൈനറിയിലും ആക്രമണമുണ്ടായതോടെ എണ്ണനീക്കം തടസപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. പ്രതിദിനം 5.5 ലക്ഷം ഉത്പാദനശേഷിയുള്ള ഈ റിഫൈനറി മദ്ധ്യേഷ്യയിലെ ഏറ്റവും വലുതാണ്.
യു.എ.ഇയുമായി മാത്രമായി ഇന്ത്യക്ക് പ്രതിവര്‍ഷം 1000 കോടി ഡോളറിന്റെ വാണിജ്യമാണുള്ളത്. അതില്‍ വലിയൊരു പങ്ക് കേരളത്തിന്റേതാണെന്നത് മലയാളികളെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു. ഹോര്‍മൂസ് വഴിയുള്ള ഗതാഗതം നടക്കാതായാല്‍ കപ്പലുകള്‍ക്ക് ഗുഡ്‌ഹോപ് മുനമ്പ് ചുറ്റി പോകേണ്ടിവരും. ഇത് ഷിപ്പിംഗ് ചാര്‍ജില്‍ വലിയ വര്‍ദ്ധനവിന് ഇടയാക്കുകയും കയറ്റുമതിക്കാരുടെ വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ചെയ്യും. വ്യോമപാതകള്‍ അടച്ചതോടെ ഇപ്പോള്‍ത്തന്നെ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പഴം, പച്ചക്കറി കയറ്റുമതി കുത്തനെ ഇടിഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ മാത്രം 200 ടണ്ണിലേറെ പച്ചക്കറികള്‍ കയറ്റി അയയ്ക്കാനാകാതെ കാര്‍ഗോയില്‍ കെട്ടിക്കിടന്ന് നശിക്കുന്നു. 40 മുതല്‍ 45 ടണ്‍ വരെ ദിവസവും കയറ്റുമതി ഉണ്ടായിരുന്ന കരിപ്പൂരില്‍ 10 മുതല്‍ 15 ടണ്ണായി കുറഞ്ഞിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധം വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകള്‍ അടച്ചുതുടങ്ങി. ഒട്ടേറെ അനുബന്ധ മേഖലകളെക്കൂടി ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണു രൂപപ്പെടുന്നത്. യുദ്ധം അവസാനിച്ചാല്‍പോലും ലഭ്യത സാധാരണ തോതിലാകാന്‍ മാസങ്ങളെടുക്കുമെന്നതാണ് നിലവിലെ അവസ്ഥ. ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് അമേരിക്കയും ഇസ്രാഈലുംതന്നെ പ്രതിസന്ധിയുടെ നടുക്കടലിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ഇറാന്‍ ഒരു സന്നദ്ധതയും അറിയിക്കാതിരുന്നിട്ടും ട്രംപ് യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വ്യംഗന്തരേണ സൂചിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. യുദ്ധത്തിന്റെ ആദ്യ ആറ് ദിനങ്ങളില്‍ മാത്രം ഏകദേശം 11.3 ബില്യണ്‍ ഡോളര്‍ (95,000 കോടി രൂപ) ചെലവായതായി ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുകയാണ്.
യുദ്ധരംഗത്തെ ആയുധശേഖരം, ഇന്ധനം, സൈനിക വിന്യാസം എന്നിവയ്ക്കായി വന്‍തുകയാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്. യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രാഈലില്‍ ഇതിനകം മിസൈല്‍ പതിച്ച് നാശനഷ്ടം നേരിട്ട 9,115 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഏതായാലും യുദ്ധത്തിന്റെ കെടുതികള്‍ ആരുടെയും കണക്കുകൂട്ടലുകളില്‍ നില്‍ക്കുകയില്ലെന്നും ഏതെങ്കിലും ശക്തികള്‍ക്ക് വിജയമുണ്ടാവാന്‍പോകുന്നില്ലെന്നും എന്നാല്‍ പരാജയം സംഭവിക്കുന്നത് ലോകത്തിനാകമായിരിക്കുമെന്നതാണ് ഈ ചുരുങ്ങിയ കാലയളവ്‌കൊണ്ട് മാനവരാശിക്ക് ബോധ്യമായത്.