News
പ്രത്യാശയുടെ പ്രതീകം
EDITORIAL
ഇന്ദ്രപ്രസ്ഥത്തിന്റെ സായംസന്ധ്യ ഇന്നലെ കൂടുതല്‍ പ്രശോഭിതമായിരുന്നു. എണ്ണമറ്റ വീരേതിഹാസങ്ങളിലേക്ക് ഉണര്‍ന്നെഴുനേല്‍ക്കുകയും ഉറങ്ങിവീഴുകയും ചെയ്ത രാജ്യ തലസ്ഥാനം മറ്റൊരു ഇതിഹാസത്തിന് കൂടി സാക്ഷിയായിരിക്കുകയാണ്. രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശാ കേന്ദ്രമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആസ്ഥാനമന്ദിരം ചരിത്രങ്ങളുടെയും വര്‍ത്തമാനങ്ങളുടെയും മണ്ണായ ഡല്‍ഹിയില്‍ മിഴി തുറന്നിരിക്കുന്നു. സമുദായത്തിന്റെ ഉത്ഥാനപദനങ്ങളെ ഇമവെട്ടാതെ നോക്കിക്കണ്ട മഹാനഗരം ആ കാഴ്ച കണ്‍നിറയെ കണ്ടു തീര്‍ത്തിരിക്കുകയാണ്. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് മുക്കാല്‍ നൂറ്റാണ്ട് മുമ്പ് തന്റെ അകക്കണ്ണുകൊണ്ട് കണ്ട സ്വപ്നം കൂടുതല്‍ തിളക്കമുള്ളതും വര്‍ണാഭവുമായിത്തീര്‍ന്നിരിക്കുന്നു. അവകാശ സംരക്ഷണത്തിനു വേണ്ടി ഭരണഘടനാനിര്‍മാണ സഭയില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും രാജ്യത്തിന്റെ തെരുവീഥികളിലേക്കും പടര്‍ന്നു പന്തലിച്ച ശബ്ദ്ദ വീചികള്‍ ഇനി ഈ സൗധത്താല്‍ കൂടുതല്‍ പ്രകമ്പിതമാകും. ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട പതിതതരായ ജനവിഭാഗങ്ങളുടെ നാനോന്മുഖ പുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഖാഇദെ മില്ലത്ത് സെന്റര്‍ കൂടുതല്‍ കരുത്തും പിന്‍ബലവുമാകും.
കാലഘട്ടത്തിന്റെ അനിവാര്യതയില്‍, ചരിത്രത്തിന്റെ ഒരു ദശാസന്ധിയിലായിരുന്നു ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പിറവിയെങ്കില്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനംപോലെ മറ്റൊരു ദശാസന്ധിയിലാണ് മുസ്ലിംലീഗിന്റെ ദേശീയ ആ സ്ഥാന മന്ദിരവും ഉദയംചെയ്തിരിക്കുന്നത്. വിഭജനത്തിന്റെ പാപഭാരവും കലാപത്തിന്റെ മുറിവുകളും അപകര്‍ഷ ബോധത്തിന്റെ ഭാണ്ഡവും പേറേണ്ടിവന്നപ്പോഴാണ് രാജാജി ഹാളില്‍ പ്രത്യാശയുടെ പ്രതീകമായി മതേതര ഭാരതത്തിന്റെ വാനിലേക്ക് പച്ചപ്പതാക ഉയര്‍ന്നുപൊങ്ങിയത്. സ്വപ്നം കാണാന്‍ പോലും കെല്‍പില്ലാതായിപ്പോയ സമുദായത്തിന് ഈ പതാക ആത്മാഭിമാനത്തിന്റെ തണലിട്ടു, ചരിത്രം അവരെ ഓര്‍മപ്പെടുത്തി, വര്‍ത്തമാനം ബോധ്യപ്പെടുത്തി. അതുവഴി പിറന്നുവീണ കുഞ്ഞിനെ പോലെ അവര്‍ ഹൃദയം തുറന്നുകരയാന്‍ തുടങ്ങി, കമിഴ്ന്നുവിഴാനും എഴുന്നേറ്റിരിക്കാനും വേച്ചുവേച്ചുനടക്കാനും ഒടുക്കം കാലുകള്‍ മണ്ണിലുറപ്പിച്ചു നില്‍ക്കാനും അവരെ പ്രാപ്തരാക്കി. വര്‍ത്തമാനത്തിലൂടെ വേഗത്തില്‍ സഞ്ചരിക്കാനും ഭാവിയിലേക്ക് ഓടിക്കയറാനും സമുദായം പര്യാപ്തമായത് ആ പച്ചപ്പതാകയുടെ പിന്‍ബലത്തില്‍ തന്നെ.
86 ദാരിയാ ഗഞ്ച് എന്ന മേല്‍വിലാസത്തില്‍ ഹരിത രാഷ്ട്രീയത്തിന്റെ ആസ്ഥാനമന്ദിരം ഇതിഹാസം നെഞ്ചില്‍ പേറി ചരിത്ര നഗരത്തിന്റെ ആകാശത്തിലേക്ക് കൈകളുയര്‍ത്തി നില്‍ക്കുമ്പോള്‍ മതേതര ഇന്ത്യ മറ്റൊരു പോരാട്ടത്തിന്റെ പോര്‍മുഖത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 48 ലെ പോരാട്ടം വിഭജനാന്തരം സൃഷ്ടിക്കപ്പെട്ട ഭീബത്സമായ സാഹചര്യ ങ്ങളോടാണെങ്കില്‍ ഇന്ന് രാജ്യത്തിന്റെ ജീവശ്വാസവും ഹൃദയമിടിപ്പും നിലപ്പിക്കാനുള്ള ശ്രമങ്ങളോടാണ്. വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ഭരണകൂടം തന്നെ മതേത രമെന്ന മഹാസങ്കല്‍പ്പത്തിന്റെ കടക്കല്‍ കത്തിവെക്കു മ്പോള്‍, ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വോട്ട വകാശംപോലും നിഷേധിച്ചുകൊണ്ട് ജനാധിപത്യത്തെ കശാപ്പു ചെയ്യാനും അതേ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള ജീവന്‍ മരണ പോരാട്ടത്തില്‍ മതേതര ശക്തികള്‍ ഒന്നടങ്കം ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ ആ സഖ്യത്തിലെ മുന്നണിപ്പോ രാളിയാണ് മുസ്ലിം ലീഗ്. ഉദ്ഘാടന സമ്മേളനത്തില്‍ രാജ്യം കണ്‍കുളിര്‍ക്കെ കണ്ടതുപോലെ തുടര്‍ന്നങ്ങോട്ടും മതേതര മുന്നേറ്റങ്ങളുടെ മഹത്തായ അടയാളപ്പെടുത്തലായി ഖാഇദെ മില്ലത്ത് സെന്റര്‍ നിലയുറപ്പിക്കുക തന്നെ ചെയ്യും.
താജ്മഹലിന്റെ മനോഹാരിതയും കുതബ് മീനാറിന്റെ ഔന്നിത്യവും ചെങ്കോട്ടയുടെ ഭദ്രതയും ചൂണ്ടിക്കാട്ടിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ ഒരു ജനതയെ ആത്മാഭിമാനത്തിലേക്ക് വഴിനടത്തിച്ചതെങ്കില്‍ അല്‍ഭുതകരമായ നിര്‍മിതികളുടെ പ്രതാപങ്ങള്‍ അലയടിക്കുന്ന അതേ മണ്ണില്‍ ആ ജനതയുടെ പിന്‍മുറക്കായി ഈ മഹാസൗധം സമര്‍പ്പിക്കപ്പെടുമ്പോള്‍ അത് കാലത്തിന്റെ കാവ്യനീതി തന്നെയാണ്. സമുദായത്തിന്റെയും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെയും മാത്രമല്ല, കനിവും കരുണയും തേടുന്ന ഏതൊരു ഹൃദയത്തിനുമുള്ള സഹായ ഹസ്തംകൂടിയാണ് അനന്ത പുരിയുടെ രാജവീഥിയില്‍ നിവര്‍ത്തപ്പെട്ടിരിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ലോക രാഷ്ട്രങ്ങളുടെ മുമ്പില്‍ വരച്ചുകാണിച്ച അത്യല്‍ഭുതകരമായ പ്രതിഭാസത്തെക്കുറിച്ച് വിശകല നം ചെയ്യാനും അതിന്റെ കാലികപ്രസക്തിക്ക് രാഷ്ട്രാന്തരീ യ മാനം നല്‍കാനുമുള്ള ഇടവും ഈ ഉദ്യമത്തിലൂടെ അ നാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. മദിരാശിയിലെ രാജാജി ഹാളില്‍ നിന്നാരംഭിച്ച ഹരിത രാഷ്ട്രീയത്തിന്റെ ദീപാ ശിഖാ പ്രയാണമാണ് ഇന്നലെ ദാരിയ ഗഞ്ചില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. തലമുറകള്‍ക്ക് വെളിച്ചവും വിളക്കുമാടവുമായി ഖാഇദെ മില്ലത്ത് സെന്റര്‍ പ്രോജ്വലിച്ചുനില്‍ക്കുമ്പോള്‍ അത് ഒരു പ്രത്യാശയുടെ, പോരാട്ടത്തിന്റെ കൂടി പേരായി മാറിയിരിക്കുകയാണ്.
kerala
ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ; മരിച്ച വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്
പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ക്കകം മരണപ്പെട്ട കൊല്ലം പന്മന മനയില്‍ വേണുവിന്റെ കൂടുതല്‍ ശബ്ദ സന്ദേശം പുറത്ത്. ബന്ധുക്കള്‍ക്ക് അയച്ച സന്ദേശമാണ് പുറത്തുവന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികളായ ഒരാളെപ്പോലും വെറുതെ വിടരുതെന്ന് വേണു പറയുന്നു. ‘ഇവനെയൊക്കെ കോടതിയുടെ മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം. പൊതുജനങ്ങളോടുള്ള എന്റെ അപേക്ഷ കൂടിയാണിത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ വോയിസ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പെടണം. അത്രമാത്രം സങ്കടപ്പെട്ട്, അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് ഈ വോയിസ് അയക്കുന്നത്.
ആന്‍ജിയോഗ്രാം ചെയ്യാനാണ് കൊല്ലത്തേക്ക് പോയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു. തിരുവനന്തപുരത്ത് വന്നിട്ട് അഞ്ചുദിവസമായി. ഒരു എക്കോയും ആന്‍ജിയോഗ്രാമും ചെയ്യാന്‍ അഞ്ചു ദിവസം വേണോ. എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെക്കൊണ്ടാകുമോ ? എന്തൊരു മര്യാദ ഇല്ലാത്ത ഇടപെടല്‍ ആണ് ഇവര്‍ നടത്തുന്നത് സാധാരണക്കാരന് ആശ്രയമാകേണ്ട ആശുപത്രിയല്ലേ ഇത് കയറിവരുന്ന പാവപ്പെട്ട ജനങ്ങളോട് ഈ മാതിരിയുള്ള വകതിരിവില്ലായ്മ കാണിക്കുമ്പോള്‍ എങ്ങനെയാ വിഷമം ഉണ്ടാകാതിരിക്കുക
കെല്ലം ജില്ല ആശുപത്രിയിലെ ഡോക്ടറുടെ സ്‌പെഷല്‍ റിക്വസ്റ്റ് പ്രകാരം വന്നതാണ് ഞാന്‍. എത്രയും പെട്ടെന്ന് ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റാനാണ് വന്നത്. അഞ്ചു ദിവസമായിട്ടും ഇവനൊക്കെ കുഞ്ഞു കളിക്കുകയാ. 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വകാര്യ ആംബുലന്‍സ് വിളിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തുന്നത്. എന്നാല്‍, അന്ന് തന്നെ രാത്രി 1.45 ഓടെയാണ് എനിക്ക് മെഡിസിന്‍ സ്റ്റാര്‍ട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് എക്കോയും വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ ആന്‍ജിയോഗ്രാമും ചെയ്യും എന്ന ഉറപ്പില്‍ എല്ലാ ബ്ലഡ് ടെസ്റ്റുകളും ഇ.സി.ജിയും നടത്തി. എന്നാല്‍, ആന്‍ജിയോഗ്രാം ചെയ്യുന്നവരുടെ ലിസ്റ്റ് ഹാളില്‍ വന്ന് വായിച്ചപ്പോള്‍ എന്റെ പേര് മാത്രം അതിനകത്തില്ല. എന്റെ ആന്‍ജിയോഗ്രാം മാറ്റിവെച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. ഇനി എന്തെങ്കിലും ‘സംതിങ് പ്രശ്‌നമാണോ എന്ന് അറിയത്തില്ല. എന്തുതന്നെയായാലും ഞാന്‍ അത് കൊടുക്കാന്‍ തയാറായിരുന്നു. പക്ഷേ അതൊന്നും ആവശ്യപ്പെട്ടുകൊണ്ട് ആരും ഞങ്ങളെ സമീപിച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ആശുപത്രി അധികൃതരും ഡോക്ടര്‍മാരും ആണെന്നും പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
kerala
‘ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നു’; മഹാറാലി പ്രഖ്യാപിച്ച് സമരസമിതി
രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി.
ഫ്രഷ് കട്ട് ഉടമകള്‍ തുടര്‍ച്ചയായി ഉറപ്പുകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരിയില്‍ ഫ്രഷ് കട്ട് വിരുദ്ധ മഹാറാലി പ്രഖ്യാപിച്ച് സമരസമിതി. രാത്രിയില്‍ പോലീസ് ഇനിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ പ്രദേശവാസികള്‍ തടയുമെന്നും സമരസമിതി വ്യക്തമാക്കി. പ്ലാന്റ് തുറന്നാല്‍ സുരക്ഷ കൊടുക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. നവംബര്‍ 12 ബുധനാഴ്ച്ചയാണ് സമിതി ഫ്രഷ് കട്ട് വിരുദ്ധ റാലി പ്രഖ്യാപിച്ചിരിക്കുന്നത്.
kerala
വിവാദമായതോടെ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ
വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു
എറണാകുളം -ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തില്‍ വിവാദമായ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റീപോസ്റ്റ് ചെയ്ത് റെയില്‍വേ. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. ഇതാണ് ഇംഗ്ലീഷ് തര്‍ജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.
വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു.
വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയില്‍വേ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്.
ഈ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആര്‍എസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days agoഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം
-
News3 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News3 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
india3 days agoറെയില്‍വേയുടെ അനാസ്ഥയില്‍ യാത്രക്കാരന് മരിച്ചു
-
Film3 days agoപ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
-
kerala3 days agoസ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന

