kerala

വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ഭീതി വിതച്ച കടുവ കെണിയില്‍ വീണു

By webdesk18

December 22, 2025

പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. വനമേഖലയോട് ചേര്‍ന്നാണ് കൂട് സ്ഥാപിച്ചിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കടുവയെ ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

ഞായറാഴ്ച പട്ടാപ്പകല്‍ ജനവാസ മേഖലയിലെത്തിയ കടുവ ജംഗിള്‍ ഫാമിലെ വളര്‍ത്തിയ ആടുകളിലൊന്നിനെ കൊന്നിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെ ഇതര സംസ്ഥാനക്കാരനായ ഫാമിലെ ജീവനക്കാരന്‍ തീറ്റ കൊടുക്കുന്നതിനിടെ ആടിനെ കടുവ പിടിച്ചുകൊണ്ടുപോയതായാണ് വിവരം. തന്റെ തലയ്ക്ക് മീതെകൂടി കടുവ ചാടിവന്നുവെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. ആടിനെ പിടിക്കുന്നതു കണ്ടു പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. ബഹളംവെച്ച് നാട്ടുകാരെ കൂട്ടി തിരച്ചില്‍ നടത്തിയെങ്കിലും കടുവ കാട്ടിനുള്ളിലേക്ക് കടന്നുപോയി.

റെയ്സിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു പോത്തിനെയും കടുവ കൊന്നിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയ വനപാലകരുടെ സഹായത്തോടെ പ്രദേശവാസികള്‍ കാട്ടില്‍ നടത്തിയ തിരച്ചിലിലാണ് ആടിന്റെ ജഡം കണ്ടെത്തിയത്. ഒരു ഭാഗം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നിലയിലായിരുന്നു ജഡം.

കടുവ വീണ്ടും എത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ജഡാവശിഷ്ടങ്ങള്‍ ശേഖരിച്ച് സമീപത്ത് നേരത്തെ സ്ഥാപിച്ചിരുന്ന കൂട്ടിനുള്ളില്‍ വച്ചത്. ഇതാണ് കടുവയെ കെണിയില്‍ വീഴ്ത്താന്‍ സഹായിച്ചത്.

കഴിഞ്ഞ ആഴ്ച പ്രദേശത്ത് നിന്ന് വളര്‍ത്തുനായയെ കടുവ പിടിച്ചുകൊണ്ടുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലര്‍ച്ചെയോടെയാണ് അന്നും കടുവ ജനവാസ മേഖലയിലെത്തിയത്. വീട്ടുകാരുടെ കണ്ണുമുമ്പില്‍ നിന്നാണ് നായയെ പിടിച്ചെടുത്ത് കടുവ കാട്ടിലേക്ക് മറഞ്ഞത്.

തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.