kerala

പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

By webdesk18

December 30, 2025

പത്തനംതിട്ട: ചിറ്റാറിലെ വില്ലൂന്നിപാറയില്‍ കിണറ്റില്‍ അകപ്പെട്ട കടുവയെ 12 മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. കടുവയ്ക്ക് ഒരു തവണ മയക്കുവെടി വെച്ചുവെന്നാണ് വിവരം. വല്ല ഉപയോഗിച്ച് കുരുക്കിയാണ് കടുവയെ പുറത്തേക്ക് എടുത്തത്.

കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഡിഎഫ്ഒ പറഞ്ഞു. രണ്ടു വയസ്സു മുതല്‍ മൂന്നു വയസ്സുവരെ പ്രായമുള്ള കടുവയായിരുന്നു. കടുവയെ മാറ്റാനുള്ള കാര്യത്തില്‍ പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 5ന് കിണറ്റില്‍ വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കടുവയെ കണ്ടത്. റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര റേഞ്ചില്‍ തണ്ണിത്തോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിട്ടുള്ളത്. വിവരമറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്തെത്തുകയായിരുന്നു.

വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. ഇതിന് സമീപമായി ഒരു പന്നി ഫാം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഇവിടെ കടുവയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആണ് സംഭവം അറിയുന്നത്.